
പുട്ട്…ഐറ്റം നൊസ്റ്റാള്‍ജിക്ക് ആണെങ്കിലും കഴിക്കാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ, വെറൈറ്റികള്‍ പരീക്ഷിച്ചാല്‍ പുട്ട് ജന്മത്ത് കഴിക്കാത്തവര്‍ പോലും അതിന്റെ ആരാധകരാകും. വാഴയിലപ്പുട്ടാണ് ഏറ്റവും പുതിയ ഐറ്റം. വളരെ എളുപ്പത്തില്‍ അല്പംപോലും ടെന്‍ഷനില്ലാതെ ആര്‍ക്കും ഇതുണ്ടാക്കാം. കടലക്കറി, മുട്ടക്കറി തുടങ്ങി എല്ലാ കറികളും ഇതിനൊപ്പം ചേരുകയും ചെയ്യും.
ചിരകിയ തേങ്ങ, ആവശ്യത്തിന് പുട്ടിന്റെ പൊടി, ഉപ്പ്, കറിവേപ്പില, കാരറ്റ്, വാഴയില എന്നിവാണ് വാഴയിലപ്പുട്ട് ഉണ്ടാക്കാന്‍ വേണ്ടത്. ആദ്യം സാധാരണ പുട്ടുണ്ടാക്കാന്‍ പൊടി നനയ്ക്കുന്നതുപോലെ നനയ്ക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പുചേര്‍ന്ന് നന്നായി ഇളക്കിയെടുക്കുക. തുടര്‍ന്ന് അല്പം കറിവേപ്പിലയും കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുത്തതും മാവിലേക്ക് ചേര്‍ത്ത് വീണ്ടും ഇളക്കുക.

നേരത്തേ എടുത്തുവച്ച വാഴയില ചെറുതായി വാട്ടിയശേഷം കീറിയെടുത്ത് പുട്ടുകുറ്റിയുടെ രൂപത്തിലാക്കുക. ഇല ഇളകിപ്പോകാതിരിക്കാന്‍ വശങ്ങളില്‍ പച്ച ഈര്‍ക്കില്‍ കുത്തിയെടുക്കാം. വാഴയിലപുട്ടുകുറ്റികളെ ആവി കയറാന്‍ പാകത്തിലുള്ള പാത്രത്തില്‍ നിരത്തിവച്ചശേഷം ഇഡലിപ്പാത്രത്തിനുളളിവയ്ക്കുക. അതിനുശേഷം വാഴയിലപുട്ടുകുറ്റികളില്‍ ഓരോന്നിലും തേങ്ങയും ആവശ്യത്തിന് മാവും ചേര്‍ത്ത് നിറയ്ക്കണം. തുടര്‍ന്ന് ഇഡലിപ്പാത്രം അടച്ചുവച്ച് വേവിക്കുക. അല്പം കഴിയുമ്പാേഴേക്ക് വാഴയിലപ്പുട്ട് റെഡിയാവും. വാങ്ങിയെടുത്ത് പാത്രത്തിലേക്ക് വച്ച് ഇല പൊട്ടിക്കുമ്പോഴുള്ള ആ നറുമണം ആരുടെയും വായില്‍ വെള്ളം നിറയ്ക്കുമെന്നകാര്യത്തില്‍ ഒരു സംശയവും വേണ്ട. പിന്നെ ഇഷ്ടപ്പെട്ട കറിചേര്‍ത്ത് മൂക്കുമുട്ടെ തട്ടാം.