KeralaNEWS

ആറ്റുകാൽ പൊങ്കാല ഇന്ന്: രാവിലെ 10.15ന്  അടുപ്പുവെട്ട്, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

      തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10.15 നാണ് അടുപ്പുവെട്ട്.

ഇത്തവണ തലസ്ഥാന ന​ഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്ക്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊലീസ് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽവിപുലമായ  ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

Signature-ad

അതേ സമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചു. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തും.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ഇന്ന് (വ്യാഴം) തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം  പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: