
മുംബൈ: മയക്കുമരുന്ന് വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 13 മോട്ടോര്‍ ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി യുവാവ്. പുണെ പിംബ്രി ചിന്‍ച്വാദ് റസ്ഡന്‍ഷ്യല്‍ കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. 27-കാരനായ സ്വപ്നില്‍ ശ്വശരണ്‍ പവാറാണ് അതിക്രമം കാട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. താമസക്കാര്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കടുത്തെത്തി യുവാവ് പെട്രോള്‍ പോലെ എന്തോ ദ്രാവകം ഒഴിക്കുന്നതും തുടര്‍ന്ന് തീകൊളുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയായപ്പോള്‍ വീട്ടിലെത്തിയ മകന്‍ തന്നോട് പണം ആവശ്യപ്പെട്ടതായി യുവാവിന്റെ മാതാവ് പറഞ്ഞു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയെ അടക്കം കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് താമസസ്ഥലത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത്.
മകനെ ജാമ്യത്തില്‍ വിടരുതെന്ന് മാതാവ് പോലീസിനോട് അഭ്യര്‍ഥിച്ചു. ‘അവനെ ജയിലില്‍നിന്ന് പുറത്തുവിടരുതെന്ന് ഞാന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. അവന്‍ കാരണം, നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടി. ഞങ്ങള്‍ക്ക് ബാങ്ക് ലോണ്‍ അടയ്ക്കാനുണ്ട്. അവനെ പുറത്തുവിടരുത്. വിട്ടുകഴിഞ്ഞാല്‍ അവന്‍ എന്നെയടക്കം കെട്ടിടത്തിന് അവന തീയിടും. എതിര്‍വശത്തെ ചേരികളില്‍ താമസിക്കുന്നവരെയും ചുട്ടുകൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യവശാല്‍, വീട്ടുടമ ഇതുവരെ ഞങ്ങളോട് വീടുവിട്ടിറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ ഞങ്ങളെ പുറത്താക്കിയാല്‍ എവിടേക്ക് പോകുമെന്ന് എനിക്കറിയില്ല, യുവാവിന്റെ മാതാവ് പറഞ്ഞു. പ്രതിയുടെ സഹോദരനും ഇതേ അഭ്യര്‍ഥനയാണ് മുന്നോട്ട് വെച്ചത്.
കുടുംബത്തെ 10 വര്‍ഷമായി അവന്‍ വിഷമിപ്പിക്കുകയാണ്. അവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഞങ്ങള്‍ പലതവണ അവനെ പുനരധിവാസ കേന്ദ്രത്തില്‍ ആക്കിയതാണ്. എന്നാല്‍, അവന്‍ ആത്മഹത്യ ചെയ്യുമെന്നും ഞങ്ങളെ കൊലചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അവനെ പുറത്തുവിടരുതെന്ന് ഞാന്‍ പോലീസിനോട് അഭ്യര്‍ഥിക്കുകയാണ്, സഹോദരന്‍ പറഞ്ഞു.