
കണ്ണൂര്‍: ഇരിക്കൂര്‍ പടിയൂര്‍ ഊരത്തൂരില്‍ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ ഇരുമനത്തൂര്‍ കാലിമന്ദം ഉന്നതിയിലെ രജനിയുടെ (40) മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് പേര്യ മടത്തില്‍ ഉന്നതിയിലെ എ.കെ.ബാബുവിനെ (41) ഇരിക്കൂര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍ അറസ്റ്റ് ചെയ്തു. രജനിയുടെ ശരീരത്തില്‍ പതിമൂന്നോളം പരുക്കുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവിട്ടേറ്റ് കരളിനു ക്ഷതമേറ്റിരുന്നു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണു കൊലപ്പെടുത്തിയത്.
നേരത്തേ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കശുമാവിന്‍തോട്ടത്തിലെ കെട്ടിടത്തില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഞായറാഴ്ച രാത്രി മദ്യപിച്ച ബാബുവും രജനിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കശുമാവിന്‍ തോട്ടത്തിലെ മുറിയില്‍ രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് ഇരുവരും ഊരത്തൂരില്‍ എത്തിയത്. ബ്ലാത്തൂര്‍ സ്വദേശി പാട്ടത്തിനെടുത്ത തോട്ടത്തില്‍ തൊഴിലാളികളായിരുന്നു ഇരുവരും. എസ്‌ഐ: ഷിബു എഫ്.പോള്‍, എഎസ്‌ഐ കെ.വി.പ്രഭാകരന്‍, സീനിയര്‍ സിപിഒ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.