IndiaNEWS

വ്യാജവാർത്ത എന്ന് ഗായിക കൽപന രാഘവേന്ദർ: ‘ആത്മഹത്യക്കു ശ്രമിച്ചില്ല, കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയി’

    ഗായിക, നടി, അവതാരക എന്നീ നിലകളിലൊക്കെ പ്രശസ്തയാണ്  കൽപ്പന രാഘവേന്ദർ. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ 5ലെ വിജയിയായ കൽപ്പന പിന്നീട് ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങിയ  നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പം വിവിധ ഭാഷകളായി 1600ലധികം ഗാനങ്ങൾ ആലപിച്ചു.  കമലഹാസൻ നായകനായ ‘പുന്നഗൈ മന്നൻ’ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തു.  പ്രശസ്ത പിന്നണി ഗായകൻ ടി. എസ് രാഘവേന്ദ്രയുടെ മകളായ കൽപ്പനയെക്കുറിച്ച് ഞെട്ടിക്കുന്ന ചില വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തു വിട്ടത്.

ഹൈദരാബാദ് നിസാംപേട്ടിലെ വസതിയിൽ വച്ച് താരം ആത്മഹത്യക്കു ശ്രമിച്ചു എന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു വാർത്തകൾ. പക്ഷേ ആ വാർത്തകൾ തെറ്റാണെന്നും ശരിയായ ഉറക്കം ലഭിക്കാത്ത ഇൻസോമ്നിയ രോഗത്തിന് കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നതെന്നുമാണ് കല്പനയുടെ വിശദീകരണം. .
ഇന്നലെ പത്രസമ്മേളത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Signature-ad

എന്തായാലും 5 ദിവസം മുമ്പ് വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും കൽപ്പന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റിയാണ് അയൽക്കാരെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുളളിൽ കയറി കല്പനയെ ആശുപത്രിയിലാക്കിയത് .

യഥാർഥ വസ്തുത തന്റെ മകൾ തന്നെ വ്യക്തമാക്കിയ ശേഷവും ചിലർ സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചതു തന്റെ തൊഴിൽ ജീവിതത്തിനും സമൂഹത്തിലെ മാന്യതയ്ക്കും ദോഷമുണ്ടാക്കി.  തന്റെ ഭർത്താവിനെയും മകളെയും കുടുംബത്തെയും കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണു പ്രചരിപ്പിച്ചതെന്നും  താൻ പൂർണമായി സുഖപ്പെട്ടെന്നും കുടുംബത്തോട് ഒപ്പമാണെന്നും കൽപ്പന പറഞ്ഞു.

ഇതിനിടെ അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും മകൾ ദയാപ്രസാദ് വ്യക്തമാക്കിയിരുന്നു.   അമ്മയ്ക്ക് ഒരുപ്രശ്നവുമില്ല പൂർണ ആരോഗ്യവതിയാണ്.​ നിലവിൽ പിഎച്ച്.ഡിയും എൽ.എൽ.ബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി,​ ഇതേതുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ഗുളിക കഴിച്ചുവരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ഗുളികയുടെ ഡോസ് കൂടിപ്പോയതാണ്,​ അല്ലാതെ ആത്മഹത്യക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദയ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: