KeralaNEWS

‘പിണറായി മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം, മൂന്നാം തവണയും മുഖ്യമന്ത്രിയാകണം’

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Signature-ad

ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന്‍ നല്ല നേതാവും നല്ല അഡ്മിനിസ്ട്രേറ്ററുമാണ്. അതുകൊണ്ട് തന്നെ അനുയായികളെയെല്ലാം ഒരു അപശബ്ദം പോലും ഇല്ലാതെ ഇരുത്താന്‍ സാധിച്ചു. അതാണ് പിണറായിയുടെ മികവ്. പിണറായിയെ കേന്ദ്രീകരിച്ചു പാര്‍ട്ടി മുന്നോട്ടുപോകുന്നത് നല്ലതാണ്. പലരെ കേന്ദ്രീകരിച്ചു പോയാല്‍ പാര്‍ട്ടി പല വഴിക്കുപോകും. ഇനിയും തുടര്‍ഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം.

ഇടതുപക്ഷത്തിന്റെ ശക്തമായ പ്രകടനം കൊണ്ടല്ല ഇത്, മറിച്ച് യുഡിഎഫ് തമ്മില്‍ തല്ലി ഛിന്നഭിന്നമായി കിടക്കുകയാണ്. ഇടതുപക്ഷ വോട്ടുകള്‍ ഉറച്ച് ഒന്നായി നില്‍ക്കുന്നു. വലതുപക്ഷ വോട്ടുകള്‍ ഛിന്നഭിന്നമായിരിക്കുന്നു. അതേസമയം എന്‍ഡിഎ കേരളത്തില്‍ വളരുന്നുമുണ്ട്. എന്‍ഡിഎയുടെ വളര്‍ച്ച യുഡിഎഫിന്റെ തളര്‍ച്ചയാണ്. എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്. സജി ചെറിയാന്‍ വിജയിക്കുന്നത് ത്രികോണമത്സരം കൊണ്ട് മാത്രമാണ്. നേരത്തെ യുഡിഎഫ് മാത്രം വിജയിച്ചിരുന്ന മണ്ഡലത്തില്‍, എന്‍ഡിഎ കൂടുതല്‍ വോട്ടുപിടിച്ചതോടെയാണ് സജി ചെറിയാന് വിജയിക്കാനായത്.

50 കൊല്ലത്തിലേറെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന കമ്മിറ്റിയില്‍ എടുത്തില്ലെന്നാണ് പത്തനംതിട്ടയിലെ പദ്മകുമാര്‍ പറഞ്ഞത്. പദ്മകുമാര്‍ നന്ദികേട് കാട്ടരുത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയില്ലേ. ദേവസ്വം പ്രസിഡന്റ് പദവിയില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ സാധിച്ചില്ലേ. അര്‍ഹതക്കുറവ് പദ്മകുമാര്‍ മനസ്സിലാക്കണം. പദ്മകുമാര്‍ 50 കൊല്ലം പഠിച്ചെങ്കിലും തോറ്റ് തോറ്റ് നാലാം ക്ലാസിലേ ചെന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജ് ഒമ്പതുകൊല്ലം കൊണ്ട് ജയിച്ച് ഒമ്പതാം ക്ലാസിലെത്തി. 52 കൊല്ലം പഠിച്ചയാള്‍ നാലാം ക്ലാസിലും ഒമ്പതു കൊല്ലം പഠിച്ചയാള്‍ ഒമ്പതാം ക്ലാസിലുമെത്തിയാല്‍, അതില്‍ ഓരോരുത്തരുടെയും കഴിവും കഴിവുകേടും മനസ്സിലാക്കാനാകും. 52 കൊല്ലത്തെ പാരമ്പര്യം പറഞ്ഞ് സ്ഥാനങ്ങള്‍ കിട്ടിയില്ല എന്നു പറഞ്ഞാല്‍ അതിനേക്കാള്‍ പാരമ്പര്യമുള്ളവര്‍ രാജ്യത്ത് ഉണ്ടെന്ന് ഓര്‍ക്കണം. പാരമ്പര്യം കൊണ്ട് സ്ഥാനം വേണമെന്ന് ആരു ആഗ്രഹിച്ചാലും അതു ശരിയല്ല.

വീണാജോര്‍ജ് ജനകീയ പിന്തുണയുള്ള നേതാവാണ്. മിടുക്കിയാണ്. കാര്യശേഷിയുള്ള നേതാവാണ്. ഒമ്പതു വര്‍ഷം കൊണ്ട് പ്രവര്‍ത്തനമേഖലയില്‍ മികവു തെളിയിച്ചു. ശത്രുക്കള്‍ക്ക് പോലും എതിര്‍ക്കാന്‍ പോലും സാധിക്കാത്ത ആരോഗ്യമന്ത്രിയാണ്. എല്ലാക്കാര്യത്തിലും ഓടിയെത്തുന്ന വീണാ ജോര്‍ജ് വിജയിച്ച ആരോഗ്യമന്ത്രിയാണ്. സിപിഎം സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ നല്ലതാണ്. അവതരിപ്പിച്ചതും നല്ലത്. അത് പ്രായോഗിത തലത്തില്‍ കൊണ്ടു വന്നാല്‍ കൊള്ളാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തെ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ മുന്നാക്കമെന്നും പിന്നാക്കമെന്നും വേര്‍തിരിച്ചു നിര്‍ത്തി, മതദ്വേഷം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ജാതിയുടെ പേരില്‍ ഒരാളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. ചാതുര്‍വര്‍ണ വ്യവസ്ഥ മനസ്സില്‍ വെച്ചു കൊണ്ടു നടക്കുന്ന സവര്‍ണ തമ്പുരാക്കന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഹിന്ദു സമൂഹം ഒന്നാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: