
പാലക്കാട്: കഞ്ചിക്കോട്ടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബിഹാര്‍ സ്വദേശിയെ വാളയാര്‍ പോലീസ് അറസ്റ്റു ചെയ്തു. ബിഹാര്‍ സുല്‍ത്താന്‍പുര്‍ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസക്കാരനുമായ യാസീന്‍ അന്‍സാരിയെയാണ് (32) 1.7 കിലോ കഞ്ചാവുസഹിതം ശനിയാഴ്ച പോലീസ് പിടികൂടിയത്.
ഒന്‍പത് വര്‍ഷം മുമ്പാണ് തൊഴില്‍ തേടി യാസീന്‍ അന്‍സാരി കഞ്ചിക്കോട് എത്തുന്നത്. ആരംഭകാലത്ത് ചെറിയ ജോലികള്‍ ചെയ്ത ഇയാള്‍ പിന്നീട് വ്യവസായമേഖലയില്‍ കട വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു ഇയാള്‍. പിന്നീട് കഞ്ചാവുവില്‍പ്പന സ്ഥിരമാക്കി.

തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പുകയില ഉത്പന്നങ്ങളും കഞ്ചാവും വിറ്റ പണംകൊണ്ട് ഇയാള്‍ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബരവീട് നിര്‍മിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.