
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ ആര്‍.ഉണ്ണിക്കൃഷ്ണന്‍ ആക്രമിച്ചെന്ന കേസില്‍ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം. വഴിമാറാന്‍ ആവശ്യപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. ഫോര്‍ട്ട് പൊലീസാണ് സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.
പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയില്‍ നില്‍ക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം തിരക്കുണ്ടായിരുന്നില്ല. കവാടം വഴി ഭക്തര്‍ അകത്തേക്കും പുറത്തേക്കും പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രായമായ നടക്കാന്‍ പ്രയാസപ്പെടുന്ന 2 സ്ത്രീകളെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്കു വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി ഇവരോട് മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തില്‍ കാണുന്നത്.

പിന്നീട് കൗണ്‍സിലറും പ്രായമായ 2 സ്ത്രീകളും നോക്കി നില്‍ക്കെ, മറ്റൊരു പ്രായമായ സ്ത്രീയെയും അവര്‍ക്കൊപ്പം എത്തിയ 2 യുവതികളെയും എസ്‌ഐ കടത്തിവിട്ടു. ഇതോടെ അവര്‍ക്കു പിന്നാലെ കൗണ്‍സിലര്‍ അകത്തേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ എസ്‌ഐ തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. എസ്‌ഐ ബലപ്രയോഗത്തിലൂടെ കൗണ്‍സിലറെ തള്ളിമാറ്റുമ്പോഴാണു സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭീഷണിപ്പെടുത്തി, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ കേസെടുത്തത്. ഫോര്‍ട്ട് പൊലീസിന്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്നും വ്യക്തിവൈരാഗ്യമുള്ള ഉദ്യോഗസ്ഥരാണു കള്ളക്കേസിനു പിന്നിലെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ആര്‍.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ബോധപൂര്‍വം അടിച്ചതാണോയെന്ന് അറിയില്ലെന്നാണു പരാതിക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടി കിട്ടിയതിനാല്‍ സിടി സ്‌കാന്‍ ചെയ്തു. അതിന്റെ റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ല. തലയ്ക്കു മുറിവ് പറ്റുകയോ കുഴഞ്ഞു വീഴുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.