KeralaNEWS

യോഗത്തില്‍ യാദൃച്ഛികമായെത്തിയതല്ല, നവീന്‍ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിതനീക്കം; പി.പി ദിവ്യയ്‌ക്കെതിരേ മൊഴി

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍.

പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി.

പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള യാത്രയയപ്പ് ചടങ്ങിലായിരുന്നു ദിവ്യ അപ്രതീക്ഷിതമെന്നോണമെത്തി നവീന്‍ ബാബുവിനെ അഴിമതി ആരോപണത്തിന്റെ മറയില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. ‘ഞെട്ടിച്ച് പി.പി. ദിവ്യ, ക്ഷണിക്കാത്ത ചടങ്ങില്‍ എത്തി ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചു’, എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ പ്രാദേശിക ചാനലിന്റെ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിറ്റേന്ന് നവീന്‍ ബാബുവിനെ കണ്ണൂരിലെ താമസസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: