
കാസർകോട്: കയ്യൂരിൽ സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്. വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് (ശനി) പകൽ രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.
ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.
ഇതിനിടെ വീണ്ടും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവും കടുപ്പിക്കാൻ കെഎസ്ഇബിയും ആലോചിക്കുന്നു. ചൂട് ഉയരുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം ഉയരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയും നടപടി പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ വേനൽ കാലത്തെ അപേക്ഷിച്ച് ഈ വർഷം തുടക്കത്തിൽ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് വൈദ്യുതി ഉപയോഗത്തിലും പ്രതിഫലിക്കുന്നുവെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. ഇപ്പോൾതന്നെ പീക്ക് സമയ വൈദ്യുതി ഉപയോഗത്തിൽ വൻവർദ്ധനവ് പ്രകടനമാകുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ വൈദ്യുതി നിയന്ത്രണങ്ങൾക്ക് പുറമെ കൂടുതൽ സമയം നിയന്ത്രണങ്ങൾ വേണമെന്ന അഭിപ്രായമാണ് കെഎസ്ഇബി അധികൃതർക്കുള്ളത്.