
തിരുവനന്തപുരം: കേരളത്തിലെ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും നടത്തുന്നുവെന്ന പരാതിയുമായി സംസ്ഥാനത്തെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ രംഗത്ത്. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് പരാതി നൽകി. വ്യാജ മാധ്യമങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ അന്തസായി പ്രവര്‍ത്തിക്കുന്ന അംഗീകൃത മാധ്യമസ്ഥാപനങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. സ്വാര്‍ത്ഥ ലാഭത്തിനായി മാധ്യമ ധാര്‍മികതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നത്. മാധ്യമരംഗത്ത് അക്കാദമിക പരിജ്ഞാനമോ പരിചയമോ ഇല്ലാത്ത പലരും വെബ്സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങളെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതെന്നും ഇത് തടയണമെന്നും കോം ഇന്ത്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടു.

വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരെ അവരുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങളുണ്ട്. അനധികൃത ഇടപാടുകളോ നിയമപ്രശ്നങ്ങളോ ഭയന്ന് പലരും ഈ കെണിയിൽ വീഴുന്നു. ഇവര്‍ക്ക് ലക്ഷങ്ങളാണ്ള് നഷ്ടമാകുന്നത്. മാധ്യമ രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ഇവയില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ചില വ്യാജ മാധ്യമങ്ങള്‍ അസോസിയേഷനുകൾ രൂപീകരിച്ച് കൂട്ടായ പണപ്പിരിവുകളും നടത്തുന്നുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം ബ്ലാക്ക്മെയിലിംഗിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകൾ ലക്ഷക്കണക്കിന് വായനക്കാരുള്ള അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ, തട്ടിപ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ, അവരുടെ പൂർവ്വകാല ചരിത്രം കൂടി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്‍റ് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത് എന്നിവര്‍ നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ജേണലിസം പഠിക്കാത്തവരും മാധ്യമപ്രവർത്തന പരിചയമില്ലാത്തവരുമാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് സ്വയം നവമാധ്യമ പ്രവര്‍ത്തകരെന്ന് ലേബൽ ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുന്നതുവരെ നിയമപരമായി മുന്നോട്ട് പോകാൻ കോം ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.