‘ജാഡയാണെന്നുള്ള തെറ്റിദ്ധാരണകള്‍, എന്നെ വെച്ച് റിസ്‌ക്കെടുക്കാന്‍ ആരും തയ്യാറാകുന്നില്ല’

ഒരു രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗവുമാണ് പ്രിയ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെന്‍സേഷനായി മാറാന്‍ കാരണമായത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ വര്‍ധിച്ചു. പല വലിയ ബ്രാന്റുകളുടേയും മുഖമായും പ്രിയ ദിവസങ്ങള്‍ക്കുള്ളില്‍ മാറി.
ഹ്രസ്വ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളിലും നായികയായി അഭിനയിച്ചിരുന്ന പ്രിയയെ തേടി അടാര്‍ ലവ്വിനുശേഷം ബോളിവുഡ് സിനിമകള്‍ വരെ വന്നു. പക്ഷെ ആറ് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും അവസരങ്ങള്‍ താരത്തിന് കുറവാണ്.

ഇതുവരെ വെറും മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് താരമിപ്പോള്‍ സജീവം. പക്ഷെ അഭിനയത്തില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്ന പ്രിയ മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പക്ഷെ മുന്‍ധാരണകള്‍ കാരണം മലയാളത്തില്‍ ആരും തന്നെ വെച്ച് റിസ്‌ക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് പറയുന്നു പ്രിയ വാര്യര്‍.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേളകള്‍ എടുക്കുന്നതല്ല. കാരണം അറിയില്ല. മലയാളത്തില്‍ നിന്നും വിളി വരുന്നുണ്ട്. കഥ ഇഷ്ടപ്പെടാറില്ല. നല്ല കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് അന്യഭാഷയില്‍ നിന്നാണ്. സിനിമയിലേക്കുള്ള എന്റെ വരവ് ഒരു കണ്‍വന്‍ഷന്‍ രീതിയിലൂടെയല്ല. സോഷ്യല്‍മീഡിയയില്‍ വിങ്ക് ഗേള്‍ എന്നൊരു ടാഗ് വീണുപോയി.
അതിനപ്പുറത്തേക്ക് എന്റെ കഴിവെന്തെന്ന് മനസിലാക്കാന്‍ ആരും ശ്രമിച്ചില്ല. അല്ലെങ്കില്‍ ഒരു സംവിധായകന്‍ എന്നെ വെച്ച് റിസ്‌കെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു ലുക്ക് ടെസ്റ്റിനെങ്കിലും വിളിച്ചാലല്ലേ എനിക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കാനെങ്കിലും പറ്റു. ആ റിസ്‌ക് എടുക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം എനിക്ക് മലയാളത്തില്‍ അവസരം കിട്ടാത്തതിന് കാരണം. നല്ല കഥയാണെങ്കില്‍ ചെറിയ റോളാണെങ്കിലും ചെയ്യും.
അഭിനയിക്കാനിഷ്ടം മലയാളം സിനിമയിലാണ്. ഏറ്റവും നല്ല കഥകളും ഇവിടെയാണ്. മലയാളത്തില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ സംസാരിച്ച് തുടങ്ങിയത്. പരമാവധി സംവിധായകരുടെ അടുത്ത് ഞാന്‍ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന പരിചിതമായ ഒരു പേര് എനിക്കുണ്ടെന്നത് വലിയ കാര്യമാണ്. നിരവധി ഓഡിഷനുകള്‍ക്ക് പോകാറുണ്ട്.
ആഷിഖ് അബു, അമല്‍ നീരദ് തുടങ്ങിയവരോടെല്ലാം ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ അവസരങ്ങളെ ഇല്ലാതാക്കിയതായും പ്രിയ പറയുന്നു. എന്നെക്കുറിച്ച് ചില മുന്‍വിധികള്‍ ഉടലെടുക്കാന്‍ സോഷ്യല്‍മീഡിയ കാരണമായി. ജാഡയാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണകള്‍. ഈ നടിയെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തോന്നിയിരിക്കാം.
കുറച്ച് കഴിഞ്ഞാല്‍ ഈ സൈബര്‍ ആക്രമണവും ഡിഗ്രേഡിങ്ങും നമുക്ക് ഒരു പ്രശ്നമല്ലാതാകും. പക്ഷെ ആ ഒരു തലത്തിലേക്ക് എത്തുന്നത് വരെയുള്ള മാനസികമായ ബുദ്ധിമുട്ട് വലുതാണ്. എന്തായാലും ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കും. കൃത്രിമമായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്താല്‍ അത് എന്നെങ്കിലും പൊളിഞ്ഞ് വീഴുമെന്നുറപ്പാണെന്നും പ്രിയ വാര്യര്‍ പറയുന്നു.
ധനുഷ് എഴുതി സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടി കോപമാണ് പ്രിയ വാര്യരുടെ ഏറ്റവും പുതിയ റിലീസ്. പവിഷ് നാരായണ്‍, മാത്യു തോമസ്, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് പ്രിയയ്ക്ക് പുറമെ സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തത്.