
കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂവരും ആത്മഹത്യ ചെയ്യാന്‍ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷൈനിയുടെ വീടിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകള്‍ ബലംപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട്, ഷൈനി രണ്ട് മക്കളേയും പിടിച്ച് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയുള്ള ദൃശ്യങ്ങളാണിത്.
അതിനിടെ, മൂവരും മരിക്കുന്നതിന് തലേദിവസം ഷൈനിയുടെ ഭര്‍ത്താവ് നോബി ഫോണ്‍ വിളിച്ച് പ്രശ്‌നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് ട്രെയിന്് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വേപാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.