
ടെല്‍ അവീവ്: ഒരുമാസത്തിലേറെയായി വെസ്റ്റ് ബാങ്കില്‍ പലസ്തീകാരുടെ തടവിലായിരുന്ന പത്ത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഇസ്രയേല്‍ രക്ഷപ്പെടുത്തി. ഒറ്റ രാത്രികൊണ്ടാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇസ്രയേല്‍ സൈന്യവും നീതീന്യായ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെയായിരുന്നു രക്ഷപ്പെടുത്തല്‍. തൊഴിലാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചത് ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞുവെന്നും പിന്നീട് ഇവര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. തൊഴിലാളികള്‍ ഏതൊക്കെ സംസ്ഥാനത്തുള്ളവരാണെന്ന് വ്യക്തമല്ല.

മോചിപ്പിക്കപ്പെട്ട പത്തുപേരെയും ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിലെത്തിച്ചത്. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കി ചിലര്‍ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ ഇസ്രയേല്‍ സേന തിരിച്ചറിഞ്ഞിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം പാലസ്തീനില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളെ കൂടുതലായി ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 16,000 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഇസ്രയേലില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ രീതിയില്‍ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരെയാണ് ബലമായി വെസ്റ്റ് ബാങ്കില്‍ പിടിച്ചുവെച്ചത്.
കഴിഞ്ഞദിവസം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി ജോര്‍ദ്ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു. വിസിറ്റിംഗ് വിസയില്‍ ജോര്‍ദ്ദാനിലെത്തിയ തുമ്പ പള്ളിത്തുറ പുതുവല്‍ പുരയിടത്തില്‍ ഗബ്രിയല്‍ പെരേരയുടെ മകന്‍ തോമസാണ് (47, അനി) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് കാലില്‍ വെടിയേറ്റെങ്കിലും അയാള്‍ നാട്ടില്‍ തിരിച്ചെത്തി.