
പട്ന: കാലില്‍ ഇരുമ്പ് ആണികള്‍ തറച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ നളന്ദ ജില്ലയില്‍ ബഹാദൂര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്ന മൃതദേഹം ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
സ്ത്രീ നൈറ്റ് ഡ്രസ് ധരിച്ച നിലയിലായിരുന്നു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. രണ്ട് കാലുകളിലും ആണി തറച്ചിരുന്നു. മൃതദേഹം ബിഹാര്‍ ഷെരീഫ് സദര്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം എളുപ്പമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കണ്ടതിന്റെ ഞെട്ടലിലാണ് ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍. ഇതിന് മുമ്പ് ഇത്തരമൊരു സംഭവം നേരില്‍ കണ്ടിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് ആരെയെങ്കിലും കാണാതായെങ്കില്‍ ഉടന്‍ തന്നെ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എന്തെങ്കിലും സൂചന ലഭിച്ചാല്‍ വേഗം തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.