
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവു അറസ്റ്റിലായത് വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്കും നീളുന്നു. രന്യ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് രാഷ്ട്രീയനേതാവിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപയും സംബന്ധിച്ച അന്വേഷണമാണ് നേതാവിലേക്കെത്തിയത്. എന്നാല്‍, നേതാവ് ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഒരു ജൂവലറി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെയാണ് നടിയുടെ ബംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് 12.86 കോടി രൂപ വിലയുള്ള 14.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് രന്യ പിടിയിലാകുന്നത്. ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘം നടിയെ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ നടിയെ 18 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ടാഴ്ചയ്ക്കിടെ ഗള്‍ഫിലേക്ക് നടത്തിയ നാല് തുടര്‍ യാത്രകളാണ് രന്യയെ നോട്ടപ്പുള്ളിയാക്കിയത്.

കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് രന്യ. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെന്ന നിലയില്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് സ്വര്‍ണക്കടത്തിന് മറയാക്കിയത്. എന്‍ജിനിയറിംഗ് ബിരുദധാരിയായ രന്യ 2014ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ മാണിക്യയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വാഗ അടക്കം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മൂന്നു മാസം മുന്‍പാണ് പ്രശസ്ത ആര്‍ക്കിടെക്റ്റുമായുള്ള വിവാഹം നടന്നത്.