IndiaNEWS

താനൂരിലെ പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തി: വീട്ടിൽ പ്രശ്നങ്ങളായതുകൊണ്ട് തിരിച്ചുപോകാൻ താല്പര്യമില്ലെന്ന് വിദ്യാർത്ഥിനികൾ

മുംബൈ: മലപ്പുറത്തെ താനൂരിൽ നിന്നു കാണാതായ 2 പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ലോണാവാലയിൽ ട്രെയിൻ യാത്രയ്ക്കിടയിലാണ് റെയിൽവേ പൊലീസ് ഇവരെ  പിടികൂടിയത്. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര.

  പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള പ്ലസ്ടു വിദ്യാര്‍ഥിനികളായ ഇരുവരും  പരീക്ഷ എഴുതുന്നത് സ്ക്രൈബിൻ്റെ സഹായത്തോടെയാണ്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം നാടുവിടുകയായിരുന്നു. വിദ്യാർത്ഥിനികൾ പരീക്ഷയ്ക്ക് എത്താതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Signature-ad

ബുധനാഴ്ച ഉച്ചയോടെ ഇരുവരും  തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്‌കൂള്‍ യൂണിഫോമിലല്ല മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാർഥിനികളെ കണ്ടത്.

ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ ബ്യൂട്ടി പാര്‍ലറിൽ എത്തിയതായി വിവരം ലഭിച്ചു. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ് വന്നതെന്ന് പറഞ്ഞതായും ബ്യൂട്ടി പാര്‍ലര്‍ ഉടമ അറിയിച്ചു. നാലര മണിക്കൂര്‍ അവര്‍ അവിടെ ഉണ്ടിയിരുന്നത്രേ.

ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് അവര്‍ ബ്യൂട്ടി പാര്‍ലറിലേക്ക് എത്തിയത്. മുടി മുറിച്ച് സ്‌ട്രെയ്റ്റ് ചെയ്യണം എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോൾ ഫോണ്‍ ഇല്ലെന്നും ട്രെയിനില്‍ വന്നപ്പോള്‍ ബാഗ് കളവുപോയെന്നും പറഞ്ഞു. പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ സുഹൃത്ത് വണ്ടിയുമായി വരുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍  ഫോണ്‍ ആവശ്യപ്പെടുകയും അത് ഉപയോഗിച്ച ശേഷം തിരിച്ച് നല്‍കുകയും ചെയ്തു. പിന്നീട് റയീസ് എന്നയാള്‍ ഫോണിലേക്ക് തിരിച്ചുവിളിക്കുകയും പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍  ആവശ്യപ്പെട്ടതു പ്രകാരം ബ്യൂട്ടി പാര്‍ലറിൻ്റെ പേരും ലൊക്കേഷനും അയച്ചു കൊടുത്തു. പക്ഷേ സുഹൃത്തിനെ കാത്തു നിൽക്കാതെ അവര്‍ ഉടൻ അവിടെനിന്നും ഇറങ്ങിപ്പോയി.

ആർപിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മഞ്ചേരി സ്വദേശിയായ യുവാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു. മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുടിയുടെ മോഡൽ പെൺകുട്ടികൾക്കു കാണിച്ചുകൊടുക്കാൻ വേണ്ടി  ബ്യൂട്ടിഷ്യൻ എടുത്ത വിഡിയോ ആണത്രേ ഇത്. ഇവിടെ നിന്നു  വേഗം രക്ഷപ്പെടണമെന്നു പെൺകുട്ടികളിൽ ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. നേത്രാവതി എക്സ്പ്രസിൽ പൻവേലിൽ ഇറങ്ങിയ പെൺകുട്ടികൾ അവിടെനിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ  എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: