
മലപ്പുറം താനൂരിൽനിന്നു കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവര്‍ ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് പോയത്. എടവണ്ണ സ്വദേശിയായ യുവാവും പെൺകുട്ടികൾക്കൊപ്പം പോയതായി പൊലീസിനു വിവരം ലഭിച്ചു.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളാണ് ഇരുവരെയും ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്കു എത്താതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ബുധനാഴ്ച ഉച്ചയോടെ ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്‌കൂള്‍ യൂണിഫോമിലല്ല മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാർഥിനികളെ കണ്ടത്.
ഇതിനിടെ കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിൽ എത്തിയതായി വിവരം ലഭിച്ചു. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ് വന്നതെന്ന് പറഞ്ഞതായും ബ്യൂട്ടി പാര്‍ലര്‍ ഉടമ ലൂസി അറിയിച്ചു. നാലര മണിക്കൂര്‍ അവര്‍ സലൂണില്‍ ഉണ്ടിയിരുന്നതായും ലൂസി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് അവര്‍ ബ്യൂട്ടി പാര്‍ലറിലേക്ക് എത്തിയത്.
മുടി മുറിച്ച് സ്‌ട്രെയ്റ്റ് ചെയ്യണം എന്നാണ് കുട്ടികള്‍ പറഞ്ഞത്. കടയില്‍ വരുന്നവരുടെ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ എഴുതി വാങ്ങാറുണ്ട്. രണ്ടുപേരും അവരുടെ പേര് പറഞ്ഞു. എന്നാല്‍ ഫോണ്‍ ഇല്ലെന്നും ട്രെയിനില്‍ വന്നപ്പോള്‍ ബാഗ് കളവുപോയെന്നും പറഞ്ഞു. മുബൈയില്‍ കല്യാണത്തിന് വന്നതാണെന്നും പറഞ്ഞു. തുക പണമായാണ് തന്നത്. പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ സുഹൃത്ത് വണ്ടിയുമായി വരുമെന്ന് അവര്‍ പറഞ്ഞിരുന്നതായി ലൂസി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ ലൂസിയോട് ഫോണ്‍ ആവശ്യപ്പെടുകയും അത് ഉപയോഗിച്ച ശേഷം തിരിച്ച് നല്‍കുകയും ചെയ്തു. പിന്നീട് റയീസ് എന്നയാള്‍ ഫോണിലേക്ക് തിരിച്ചുവിളിക്കുകയും പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ ലൂസിയോട് ലൊക്കേഷന്‍, സലൂണിന്റെ പേര് എന്നിവ ചോദിച്ചപ്പോള്‍ അത് അയച്ചുകൊടുത്തിരുന്നു. സുഹൃത്ത് വരുന്ന കാര്യം കുട്ടികളെ അറിയിച്ചെങ്കിലും അവര്‍ ഉടൻ അവിടെനിന്നും ഇറങ്ങിപ്പോയി എന്ന് ലൂസി പറഞ്ഞു.