CrimeNEWS

നടി രന്യ ഒരു വര്‍ഷത്തിനിടെ 30 തവണ ദുബായ് യാത്ര നടത്തി; ഓരോ തവണയും സമ്പാദിച്ചത് 13 ലക്ഷം

ബംഗളൂരു: ദുബായില്‍നിന്ന് സ്വര്‍ണം കടത്തവെ ബെംഗളൂരു വിമനത്താവളത്തില്‍ കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 12.56 കോടി രൂപ വില മതിക്കുന്ന 15 കിലോ ഗ്രാം സ്വര്‍ക്കട്ടികളാണ് നടി കടത്തിയത്. ഐ.പിഎസ് ഓഫീസറുടെ മകള്‍ കൂടിയായ രന്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. രന്യയുടെ വീട്ടിലും ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെനിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 തവയാണ് രന്യ ദുബായില്‍ പോയത്. ഓരോ യാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വര്‍ണം നടി കടത്തുകയും ചെയ്തു. ഓരോ കിലോ ഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഓരോ യാത്രയിലും 12-13 ലക്ഷം രൂപ വരെയാണ് രന്യ സമ്പാദിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

കള്ളക്കടത്തിനായി രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെല്‍റ്റുകളും നടി ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജാക്കറ്റും ബെല്‍റ്റും എല്ലാ യാത്രയിലും നടി ധരിച്ചിരുന്നു. ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്യുന്ന സമയത്ത് രന്യ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചത് രൂപമാറ്റം വരുത്തിയ ജാക്കറ്റിനുള്ളിലായിരുന്നു.

തുടര്‍ച്ചയായി ദുബായ് യാത്ര നടത്തുന്നതിനാല്‍ നടി കുറച്ചു കാലങ്ങളായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തില്‍നിന്ന് സെക്യൂരിറ്റി ചെക്കിങ്ങിനിടെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചപ്പോള്‍ രക്ഷപ്പെടാനായി താന്‍ ഡി.ജി.പിയുടെ മകളാണെന്ന് രന്യ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതിരുന്ന ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രന്യയെ പരിശോധിക്കുകയും സ്വര്‍ണം പിടിച്ചെടുക്കുകയുമായിരുന്നു. കേസില്‍ ആകെ പിടിച്ചെടുത്തത് 17.29 കോടി രൂപയാണ്. ഇതില്‍ 4.73 കോടി രൂപയുടെ ആസ്തികളും ഉള്‍പ്പെടുന്നു.

അതേസമയം, രന്യയുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കാന്‍ നടിയുടെ കുടുംബം വിസമ്മതിച്ചു. നാല് മാസം മുമ്പായിരുന്നു രന്യയുടെ വിവാഹമെന്നും അതിനുശേഷം മകളോ മരുമകനോ വീട്ടില്‍ വന്നിട്ടില്ലെന്ന് നടിയുടെ രണ്ടാനച്ഛനും കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പറേഷന്‍ എം.ഡിയുമായ ഡി.ജി.പി: കെ. രാമചന്ദ്ര റാവു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: