KeralaNEWS

പറഞ്ഞതെല്ലാം പച്ചക്കള്ളം; കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസിന്റെ നടപടി. കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്താണ് യുവാവ് പ്രചരിപ്പിച്ചതെന്ന് നേരത്തെ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃതത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചതിനാണ് ജെറിനെതിരെ കേസെടുത്തത്.

Signature-ad

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബര്‍തോട്ടത്തില്‍ വഴിയോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നാണ് ജെറിന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജെറിന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

കടുവയുടെ സമീപത്ത് നിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ മൂന്നുവര്‍ഷം മുന്‍പ് യൂട്യൂബില്‍ വന്നതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്. പഴയ വീഡിയോ ജെറിന്‍ ഇപ്പോള്‍ വീണ്ടും എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിന്‍ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.

Back to top button
error: