
കൊച്ചി: കണ്ണമാലി കാട്ടിപ്പറമ്പില്‍ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരെ മദ്യപരുടെ ആക്രമണം. പൊതുസ്ഥലത്തിരുന്ന് യുവാക്കള്‍ മദ്യപിക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതു വാക്കുതര്‍ക്കത്തിന് കാരണമായി. യുവാക്കള്‍ അടുത്തുള്ള വീടുകളിലെ പൂച്ചെട്ടികള്‍ അടക്കം പൊട്ടിച്ചു. ഇതിനിടെ, നാട്ടുകാര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ ഒരാള്‍ റോഡില്‍ കിടന്നു. തുടര്‍ന്ന് ഇയാളെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം ബഹളത്തില്‍ കലാശിച്ചു. ഒടുവില്‍ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. യുവാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നു.