CrimeNEWS

പത്താം ക്ലാസുകാരുടെ ആക്രമണത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു; മൂന്നുപേര്‍ക്കെതിരേ കേസ്

കാസര്‍ഗോട്: പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് കാലിന് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് മൂന്നുവിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു.

ഫെബ്രുവരി 23-ന് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ടര്‍ഫിലാണ് സംഭവം. ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ രണ്ടുപേരും സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥിയും ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. കുട്ടിയുടെ അമ്മ പള്ളിക്കര തെക്കേക്കുന്നിലെ ടി.ജി. പ്രജിതയാണ് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.

Signature-ad

ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിശാഖിന്റെ സഹോദരനെ സമീപത്തെ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഈ വിഷയത്തിന്റെ പേരിലാണ് അനുജനായ വിശാഖിനെ ആക്രമിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖത്തടിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തശേഷം ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ടെന്നും വീഴ്ചയില്‍ വലതുകാലിന്റെ എല്ലൊടിഞ്ഞെന്നും പരാതിയില്‍ പറയുന്നു. വയറ്റില്‍ കത്തികയറ്റുമെന്ന് കൂട്ടത്തിലെ ഒരു വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശാഖിനെ ആസ്പത്രിയിലെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കളെത്തിയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അമ്മയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് വീട്ടിലെത്തി മൊഴിയെടുത്തു. പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ഒന്‍പതാം ക്ലാസില്‍ ഇതുവരെ നടന്ന പരീക്ഷകളും വിശാഖിന് നഷ്ടമായി.

Back to top button
error: