
കണ്ണൂര്‍: ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്ളായ പാനീയമായിരുന്നു തെങ്ങില്‍നിന്നു ശേഖരിക്കുന്ന ഇളംകള്ളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ഇളനീരിനേക്കാളും ഔഷധവീര്യമുള്ളതാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ജയരാജന്റെ പ്രതികരണം.
”ഗോവിന്ദന്‍ മാഷ് പറഞ്ഞതു മദ്യത്തെ കുറിച്ചാണ്. തെങ്ങില്‍ നിന്നുണ്ടാവുന്ന നീര്, അതു ശേഖരിക്കാന്‍ അടുത്തകാലത്തു പദ്ധതി തയാറാക്കിയിരുന്നു. തെങ്ങില്‍നിന്നു ശേഖരിക്കുന്ന നീര് സമയപരിധി വച്ച് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമാക്കി മാറ്റാന്‍ പറ്റും. എന്നാല്‍, തെങ്ങില്‍നിന്നു എടുക്കുന്ന ഇളംകള്ള്, ഇളനീരിനേക്കാള്‍ ഔഷധവീര്യമുള്ളതാണ്. പണ്ടുകാലത്തു നാട്ടില്‍ പ്രസവിച്ചുകഴിഞ്ഞാല്‍, വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്നു എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ കൂടുതല്‍ പവര്‍ഫുള്ളായ പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു അത്. ആ കള്ള് അതുപോലെ എടുത്ത് കുടിച്ചാല്‍ മദ്യമല്ല. എന്നാല്‍, അതു മറ്റുവസ്തുക്കള്‍ ചേര്‍ത്ത് ലിക്കര്‍ ആക്കി തീര്‍ക്കരുത്. മദ്യത്തിന്റെ വീര്യങ്ങളിലേക്കു കൊണ്ടുപോകരുത്. സാധാരണഗതിയില്‍ ആരോഗ്യത്തിനു ഗുണകരമായിട്ടുള്ളതാണ് കള്ള്. കേരളത്തിലെ കള്ളുചെത്ത് വ്യവസായം ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍” ഇ.പി. ജയരാജന്‍ പറഞ്ഞു.

തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ബംഗാളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ പനങ്കള്ള് ശേഖരിച്ചു ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കും. അതൊരു പാനീയമാണ്. ആ പാനീയം കുടിച്ചാല്‍ ബെഡ് കോഫിയോ ബെഡ് ടീയോ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.