CrimeNEWS

രക്ഷപ്പെടാനായി പ്രതിയെ കടിച്ചു; കോണ്‍. വനിതാ നേതാവിനെ കൊന്നത് ചാര്‍ജര്‍ കഴുത്തില്‍ മുറുക്കി

ചണ്ഡീഗഢ്: ഹരിയാണയിലെ റോഹ്ത്തക്കില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ക്കുരുക്കിയെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഝജ്ജര്‍ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിനെയാണ് സുഹൃത്തായ സച്ചിന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടുദിവസം മുന്‍പാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സച്ചിനെ പിടികൂടിയത്.

Signature-ad

ഝജ്ജറില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നയാളാണ് സച്ചിനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹിതനാണ്. ഹിമാനി നര്‍വാളുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയം സ്ഥാപിച്ചത്. റോഹ്ത്തക്കിലെ വിജയ് നഗറില്‍ ഹിമാനി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി 27-ാം തീയതിയും പ്രതി യുവതിയുടെ താമസസ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വഴക്കിനിടെ പ്രതി മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റോഹ്ത്തക്ക് എ.ഡി.ജി.പി. കൃഷ്ണന്‍കുമാര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ഫോണും ലാപ്ടോപ്പും പ്രതി കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി സൂക്ഷിച്ചു. ആദ്യം വീട്ടില്‍ സൂക്ഷിച്ച സ്യൂട്ട്കേസ് പിന്നീടാണ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഉപേക്ഷിച്ചത്. യുവതിയുടെ ആഭരണങ്ങളും മൊബൈലും ലാപ്ടോപ്പും പ്രതിയുടെ കടയിലാണ് ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം, പ്രതിയും യുവതിയും തമ്മില്‍ വഴക്കിടാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചെല്ലാം വ്യക്തവരണമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

പ്രതിയായ സച്ചിന്റെ ദേഹത്ത് കടിയേറ്റ പാടുകളും മറ്റുചില മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടെ ഹിമാനി തന്നെ കടിച്ചുപരിക്കേല്‍പ്പിച്ചതാണെന്നാണ് ഇതുസംബന്ധിച്ച് പ്രതിയുടെ മൊഴി. അതിനിടെ, ഹിമാനിയുടെ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ തങ്ങള്‍ക്കറിയില്ല. പോലീസ് ഇയാളെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

Back to top button
error: