
തൃശൂർ: ആക്രമണവും മയക്കുമരുന്ന് ഇടപാടും യുവതിയെ തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയതും ഉൾപ്പടെ നിരവധി ക്രിമിനൽ കൃത്യങ്ങളിൽ ഏർപ്പെട്ട ഒരു സംഘം തൃശൂരിൽ പിടിയിലായി. ആക്രമണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയപ്പോഴാണ് തടങ്കലിൽ കിടക്കുന്ന യുവതിയെ പൊലീസ് കണ്ടത്. ഗുരുതര പരുക്കുകളോടെ തടവിൽക്കിടന്ന അവശയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. പുതുക്കാട് പാലിയേക്കരയിലെ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ വ്യാഴാഴ്ച അർദ്ധരാത്രി ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. ഷോപ്പിൽ തിരക്കു നിയന്ത്രിക്കുവാൻ ചുമതലപ്പെട അബ്‌ദുലിനെ പ്രകോപിതരായ യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിലിട്ട നിലയിൽ കണ്ടെത്തിയത്. മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് വണ്ടിയിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയതാണെന്നു മനസ്സിലായത്. സാമ്പത്തിക ഇടപാടുകളുടെ പേരിലായിരുന്നു അക്രമം. അഖിൽ എന്നയാളുമായി ചേർന്ന് ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം തീർക്കാൻ ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് അഖിൽ എത്തിയില്ല. ഈ വൈരാഗ്യത്തിനാണ് അഖിലിന്റെ കൂട്ടുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയത്.

പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തു കൂടി വൈകുനേരം 3 മണിയോടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ 4 പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ കവരുകയും മൊബൈൽ ഫോൺ തല്ലി പൊട്ടിക്കുകയും ചെയ്തു. 2 കേസുകളിലുമായി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ നായരങ്ങാടി താഴേക്കാട് ഗോപകുമാർ (ഗോപു-43), മേലൂർ ചേലയാർകുന്നിൽ അഭിനാഷ് പി.ശങ്കർ (30), ആമ്പല്ലൂർ പുതുശേരിപ്പടി ജിതിൻ ജോഷി (27) ഇവഒടെ സംഘത്തിൻ ഉണ്ടായിരുന്ന കോഴിക്കോട് മേലൂർ ആതിര (30), തിരുവനന്തപുരം വെള്ളറട അഞ്ജു (30) എന്നിവരാണ് അറസ്റ്റിലായത്.