
ന്യൂഡൽഹി: ഇന്ത്യയിലെ മുഴുവൻ തൊഴിലാളികൾക്കും ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാർവത്രിക പെൻഷൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുന്നു സർക്കാർ. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങിയവർക്ക് ഇപ്പോൾ സർക്കാർ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പുതിയ പെൻഷൻ പദ്ധതി.
നിലവിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാഷണൽ പെൻഷൻ സ്കീം ലഭ്യമായിരുന്നില്ല. അവർക്ക് ആശ്രയിക്കാവുന്നത് അടൽ പെൻഷൻ യോജന മാത്രം. 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. എന്നാൽ, പുതിയ സാർവത്രിക പെൻഷൻ പദ്ധതിയിലൂടെ ഈ പരിമിതികൾ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്താണ് സാർവത്രിക പെൻഷൻ പദ്ധതി…?
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ നടപ്പിലാക്കുന്ന പെൻഷൻ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി, പുതിയ സാർവത്രിക പെൻഷൻ പദ്ധതി പൂർണമായും സ്വമേധയാ ഉള്ളതായിരിക്കും. ഈ പദ്ധതിയിലേക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ല. രാജ്യത്തെ പെൻഷൻ സംവിധാനം ലളിതമാക്കുകയും കൂടുതൽ പേരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ചില പദ്ധതികളെ സംയോജിപ്പിച്ച് കൂടുതൽ പേരിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.
പുതിയ സാർവത്രിക പെൻഷൻ പദ്ധതി നാഷണൽ പെൻഷൻ സ്കീമിനെ (NPS) മാറ്റിസ്ഥാപിക്കില്ല. എൻപിഎസ് ഒരു സ്വമേധയാ പെൻഷൻ പദ്ധതിയായി തുടരും. സർക്കാർ ജീവനക്കാർക്കായി അടുത്തിടെ അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീം (UPS) എൻ.പി.എസിൻ്റെ ഉപവിഭാഗമായി നിലനിൽക്കും.
പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുമ്പ് തൊഴിൽ മന്ത്രാലയം വിവിധ പങ്കാളികളുമായി ചർച്ചകൾ നടത്തും. എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും വിരമിച്ചതിനുശേഷമുള്ള സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇ.പി.എഫ്., പി.പി.എഫ്., എൻ.പി.എസ്. തുടങ്ങിയ നിലവിലുള്ള പെൻഷൻ സംവിധാനങ്ങൾക്ക് പുറമേ കൂടുതൽ പേരിലേക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.