KeralaNEWS

ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി… അവസാന വാര്‍ത്തയും വായിച്ച് ഹക്കീം കൂട്ടായി പടിയിറങ്ങി

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളം ആകാശവാണിയുടെ വാര്‍ത്താശബ്ദമായ ഹക്കീം കൂട്ടായി സംഭവ ബഹുലമായ വാര്‍ത്താ ജീവിതത്തിന്റെ പടിയിറങ്ങി. പതിഞ്ഞ താളത്തില്‍ പ്രത്യേക ശൈലിയിലുള്ള വാര്‍ത്താ അവതരണത്തിലൂടെ റേഡിയോ ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയ വാര്‍ത്താ അവതാരകനാണ് 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി എന്ന ആ ക്രഡിറ്റ് ലൈന്‍ ഇനി ഓര്‍മ മാത്രം.

വെള്ളിയാഴ്ച പുലര്‍ച്ചെ 6.45ന് അവസാന വാര്‍ത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാര്‍ത്തയുടെ അവസാനം പ്രിയ ശ്രോതാക്കള്‍ക്ക് സ്‌നേഹാശംസകള്‍ നേര്‍ന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം. ‘പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ എന്റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
എല്ലാ ശ്രോതാക്കള്‍ക്കും എന്റെ സ്‌നേഹാശംസകള്‍…’ ഹക്കീം കൂട്ടായി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിരക്കണക്കിന് റേഡിയോ പ്രേക്ഷകരുടെ കണ്ഠമിടറി.

Signature-ad

ആകാശവാണിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഹക്കീം കൂട്ടായിയെ വാര്‍ത്താവായനക്കാരനാക്കുന്നത്. റേഡിയോയോടുള്ള ഇഷ്ടം കാരണം ആറ് തവണ ആകാശവാണിയുടെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്തിട്ടുണ്ട് ഹക്കീം. ഓരോ തവണയും നിരാശയോടെ മടങ്ങുമെങ്കിലും ആറാം തവണ ഹക്കീമിനെ തേടി ആ സൗഭാഗ്യമെത്തി. 1997 നവംബര്‍ 28ന് ആകാശവാണി ഡല്‍ഹി നിലയത്തില്‍ വാര്‍ത്താ അവതാരകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, 1997 ഡിസംബര്‍ നാലിന് ആദ്യമായി വാര്‍ത്ത വായിച്ചു. ആ ദിനം അദ്ദേഹത്തിന്റെ ജന്മനാടായ കൂട്ടായിക്കാര്‍ക്ക് ആഘോഷ ദിനമായിരുന്നു. പടക്കം പൊട്ടിച്ചും നാടൊട്ടുക്കും ഉച്ചഭാഷിണികളിലൂടെ വാര്‍ത്ത കേള്‍പ്പിച്ചും അവര്‍ അദ്ദേഹത്തിന്റെ ആദ്യവായന അവിസ്മരണീയമാക്കി.

ആദ്യം ഡല്‍ഹിയിലായിരുന്നു നിയമനം. 2000 ഡിസംബറില്‍ തിരുവനന്തപുരത്തേക്ക് മാറി. ഒരു മാസം അവിടെ സേവനമനുഷ്ടിച്ച ശേഷം കോഴിക്കോട് നിലയത്തിലെത്തി. പിന്നീട് നീണ്ട 25 വര്‍ഷക്കാലം കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തിലാണ് സേവനമനുഷ്ടിച്ച് വരുന്നത്.

തിരൂര്‍ കൂട്ടായി സ്വദേശിയാണ് ഹക്കീം. പറവണ്ണ മുറിവലഴിക്കലില്‍ പികെ അഫീഫുദ്ദീന്റെയും വിവി ഫാത്വിമയുടെയും മകന്‍. ഭാര്യ ടി കെ സാബിറ. മക്കള്‍: പി കെ സഹല, മുഹമ്മദ് സാബിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: