
പനജി: ഗോവയില്‍ വിനോദസഞ്ചാര മേഖലയുടെ തളര്‍ച്ചക്ക് കാരണം ഇഡ്ഡലിയും സാമ്പാറും വടപാവും യുക്രെയ്ന്‍ യുദ്ധവുമാണെന്ന വിചിത്രവാദവുമായി ബി.ജെ.പി എം.എല്‍.എ മൈക്കല്‍ ലോബോ. ഇഡ്ഡലിയും സാമ്പാറും വടപാവും വില്‍ക്കുന്ന തട്ടുകടകള്‍ കൂടിയതോടെയാണ് സഞ്ചാരികള്‍ വരാതായതായതെന്നാണ് എം.എല്‍.എയുടെ വാദം. റഷ്യ-യുക്രെയന്‍ യുദ്ധവും സഞ്ചാരികളുടെ എണ്ണം കുറച്ചെന്ന് ഇദ്ദേഹം പറയുന്നു.
വിനോദ സഞ്ചാരികള്‍ കുറഞ്ഞതിന് സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഉത്തരവാദികളാണ്. ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍ വട പാവ് വില്‍ക്കുന്നു. മറ്റുചിലര്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നു. അതുകൊണ്ടാണ് രണ്ടുവര്‍ഷമായി അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്.

യുദ്ധം കാരണം യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. സോവിയറ്റ് മേഖലയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞു. ഗോവയിലേക്ക് സഞ്ചാരികള്‍ വരാന്‍ മടിക്കുന്നത് എന്ത് എന്നതിനെ കുറിച്ച് ടൂറിസം വകുപ്പ് എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തണം. ബീച്ച് പരിസരങ്ങള്‍ മറ്റുസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.