
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ് വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കും. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും. റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും.

റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.