
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം.
നിര്‍മാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമ പേജില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്.

സിനിമകളുടെ നിര്‍മാണച്ചെലവ് വന്‍തോതില്‍ കൂടിയെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സിനിമാമേഖലയില്‍ ജൂണില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിനു മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു.
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും േചംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. സംഘടനയെ വിമര്‍ശിക്കുന്ന ആന്റണിയുടെ പോസ്റ്റ് നീക്കണമെന്നും ഇല്ലെങ്കില്‍ അച്ചടക്കനടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു.
എമ്പുരാന്‍ റിലീസ് ചെയ്യുന്ന മാര്‍ച്ച് 27ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ, അതു ശരിയല്ലെന്നും പണിമുടക്കിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.