
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി 2 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരം അന്ന ഗ്രേസ് യുകെയിമിൽ ഫാമിലി വീസ വാഗ്ദാനം ചെയ്ത് ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അന്നയുടെ ഭർത്താവ് ജോൺസൺ സേവ്യറിനെ ആദ്യം അറസ്റ്റു ചെയ്തതിനു പിന്നാലെ കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ, കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ എന്നിവരെ കർണാടകയിലെ ഹുൻസൂരിൽ നിന് ഇന്നലെ പൊലീസ് പിടികൂടി. പ്രതികളെ ഡിവൈഎസ്‌പി പി.എൽ ഷൈജു, പൊലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അന്ന ഗ്രേസിന്റെ പരസ്യം കണ്ടാണ് പരാതിക്കാരി ഇവരെ സമീപിച്ചത്. സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഇവരുടെ അന്നൂസ് ഫുഡ് പാത്ത് എന്ന ചാനലിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഹയർ എജ്യുക്കേഷൻ എക്സ്പേർട്ട് എന്ന നിലയിലും ഇവർ വീഡിയോ ചെയ്യാറുണ്ട്.

കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ, അലക്സ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ആദ്യം 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 രൂപ ജോൺസൺ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും വാങ്ങി എന്നാണ് പരാതി.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും ജോലി ലഭിക്കുമ്പോൾ കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയാണത്രേ തട്ടിപ്പ് നടത്തിയത്. കേസിൽ അന്ന മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അന്നയ്ക്കും ഭർത്താവിനുമെതിരെ 4 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിന് കേസിൽ ബന്ധമില്ല എന്നാണ് അന്ന പറയുന്നത്.