KeralaNEWS

‘കേരള്‍ പേ ചര്‍ച്ച’ 28 ന് ഡല്‍ഹിയില്‍; സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

ന്യൂഡല്‍ഹി: തര്‍ക്കം മുറുകുന്നതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. 28ന് വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിര്‍ന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു വിവരം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു പുറമേ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും.

ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഴുതടച്ച ഒരുക്കം സംഘടനാതലത്തില്‍ വേണമെന്ന നിലപാടാണു ഹൈക്കമാന്‍ഡിന്. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയില്‍ നേതൃമാറ്റം വേണ്ടെന്ന വികാരം നേതാക്കള്‍ നേരത്തേമുതല്‍ പങ്കുവയ്ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഗുണത്തെക്കാള്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Signature-ad

അതേസമയം, ഇടതു സര്‍ക്കാരിന്റെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ചു ശശി തരൂര്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയ കോലാഹലം യോഗത്തിന്റെ അജന്‍ഡയല്ലെന്ന സൂചനയും നേതാക്കള്‍ നല്‍കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കുള്ള അതൃപ്തി ബോധ്യപ്പെടുത്താന്‍ തരൂര്‍ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയെ നേരില്‍കണ്ടിരുന്നു. എന്നാല്‍, വിഷയങ്ങളില്‍ പരിഹാരമോ അനുകൂല നിലപാടോ നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ തരൂരിന് ഇല്ല. ഈ പശ്ചാത്തലത്തില്‍ 28ലെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നതാണു കൗതുകം.

 

 

Back to top button
error: