
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരോടാണ് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബര്‍ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്‌സൈസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പതാം പ്രതിയായിരുന്നു എംഎല്‍എയുടെ മകന്‍. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
