
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് സിപിഎം. തല്‍പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു.
ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിനു സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ എളമരം കരീം പറയുന്നു.

ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടതു സര്‍ക്കാരുകളാണെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് എളമരം കരീമിന്റെ ലേഖനം പുറത്തുവരുന്നത്.
ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം ഓണറേറിയം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.