MovieNEWS

മോഹൻലാലും ശോഭനയും വീണ്ടും: ‘തുടരും’ സിനിമയുടെ പ്രൊമോഷനു വേണ്ടി പുതിയ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുമായി താരങ്ങൾ 

    മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും.’ ചിത്രത്തിലെ ‘കൺമണിപൂവേ’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഇടവേളക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

എന്നാൽ സിനിമയ്ക്കായി വേറിട്ട ഒരു പ്രൊമോഷൻ രീതി കൊണ്ടുവരുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘തുടരും’ എന്ന ചിത്രത്തിലെ മോഹൻലാലും ശോഭനയും അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ചിത്രത്തിൻ്റെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Signature-ad

ചിത്രത്തിൽ മോഹൻലാലിൻ്റെയും ശോഭനയുടെയും കഥാപാത്രങ്ങളുടെ പേരായ ഷൺമുഖൻ, ലളിത ഷൺമുഖൻ എന്നിങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഐഡി. ലളിതയുടെ ബയോ ആയി ഓണർ @ പവിത്രം മിൽസ് എന്നും ഷൺമുഖന്റെ ബയോ ആയി ഡ്രൈവർ @ ടാക്സി സ്റ്റാൻഡ് എന്നും നൽകിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിലും ചിത്രത്തിൻ്റെ പ്രൊമോഷൻ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്.

കെ.ആർ. സുനിലിൻ്റെ കഥ, തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണം രചിച്ചത്. മോഹൻലാലിൻ്റെ 360-ാമത് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മാമ്പഴക്കാല’മാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

‘തുടരും’ റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

Back to top button
error: