
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ ട്രാക്കിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയില്‍വെ സ്റ്റേഷനിലും എഴുകോണ്‍ പൊലീസിലും അറിയിച്ചു.
എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 3.30ന് നടത്തിയ അന്വേഷണത്തില്‍ ട്രാക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രണ്ടുതവണ ട്രാക്കില്‍ പോസ്റ്റ് കണ്ടത് ദുരൂഹത പടര്‍ത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയില്‍പെട്ടിരുന്നില്ലെങ്കില്‍ മിനിറ്റുകള്‍ക്കകം കടന്നു പോകുന്ന തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ചു വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു.

അതേസമയം, സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ടെലിഫോണ്‍ പോസ്റ്റ് വലിച്ചിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ദീര്‍ഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു.
റെയില്‍വേ പോലീസ്, ആര്‍പിഎഫ്, മധുര റെയില്‍വേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പഴയ ടെലിഫോണ്‍ പോസ്റ്റിന്റെ കാസ്റ്റ് അയണ്‍ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കില്‍ കൊണ്ടു വച്ചതാകാം എന്നും പൊലീസ് സംശയിക്കുന്നു.