BusinessNEWS

ഈ യുപിഐ ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും

യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സുപ്രധാന പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ചില ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ക്കാണ് ചെറിയ നിരക്ക് ഈടാക്കി തുടങ്ങിയത്. മുമ്പ് ഈ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇടപാട് മൂല്യത്തിന്റെ 0.5 മുതല്‍ 1 ശതമാനം വരെയാണ് നിരക്ക് ഈടാക്കുന്നത്. കൂടാതെ, ഇതിന് ബാധകമായ ജിഎസ്ടിയും പിടിക്കും.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകം: വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റികള്‍ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ പ്രൊസസ്സിംഗ് ഫീസ് ഇടാക്കും.

Signature-ad

യുപിഐ ബാങ്ക് ഇടപാടുകള്‍ സൗജന്യമായി തുടരും: യുപിഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് നടത്തുന്ന ഇടപാടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫോണ്‍പേ, പേടിം പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് സമാനമായ രീതിയില്‍ ഫീസ് ഈടാക്കുന്നുണ്ട്.

ഫിന്‍ടെക് സ്ഥാപനങ്ങളുടെ വര്‍ധിച്ച് വരുന്ന ചെലവുകള്‍

2024 സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ഫിന്‍ടെക്ക് കമ്പനികള്‍ ആകെ 12,000 കോടി രൂപ ചെലവഴിച്ചതായി പിഡബ്ല്യുസി നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ഇതാണ് മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന് കമ്പനികളെ പ്രേരിപ്പിച്ചത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2000 രൂപയില്‍ താഴെയുള്ള യുപിഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്(എംഡിആര്‍) എഴുതിത്തള്ളുന്നത് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരം ഇടപാടുകള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ തിരികെ നല്‍കുന്നുണ്ടെങ്കിലും ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് വരുമാനമുണ്ടാക്കുന്നതിന് ഈ പ്ലാറ്റ്ഫോമുകള്‍ പ്രയാസം നേരിടുന്നുണ്ട്.

അതേസമയം, നിരക്കുകള്‍ ഈടാക്കുന്നുണ്ടെങ്കിലും യുപിഐ ഇടപാടുകള്‍ രാജ്യത്ത് കുതിച്ചുയരുകയാണ്. 2025 ജനുവരിയില്‍ 23.46 ലക്ഷം കോടി രൂപയുടെ 16.99 ബില്ല്യണ്‍ ഇടപാടുകളാണ് നടന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം വളര്‍ച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: