IndiaNEWS

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

അവിടെ നിന്നും സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല, അതേതുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Signature-ad

അലിഗഢിലെ സിറൗലി എന്ന സ്ഥലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെടുന്നത്. അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ഒരു കുട്ടിയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള മരണത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്.

 

 

Back to top button
error: