IndiaNEWS

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി…! മമ്മുട്ടിയും എം. മുകുന്ദനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മലയാളസാഹിത്യത്തിന്റെ ഇതിഹാസം എം മുകുന്ദനും ഇന്ന് ഡൽഹിയിൽ കണ്ടുമുട്ടി. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. മയ്യഴിയുടെ കഥാകാരൻ എന്ന് ഖ്യാതി നേടിയ മുകുന്ദന് ഡൽഹി സ്വന്തം തറവാട് പോലെയാണ്. ഫ്രഞ്ച് എംബസിയിലെ ഔദ്യോഗിക കാലവും ഡൽഹിയിലെ സാഹിത്യ സാംസ്കാരിക ജീവിതവുമൊക്കെ മുകുന്ദന്റെ മനസ്സിൽ എന്നും ഹരിതാഭമായ ഓർമ്മകളായി നിറഞ്ഞു നിൽപ്പുണ്ടാവും.

മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ ‘ന്യൂഡൽഹി’ പൂർണ്ണമായും ചിത്രീകരിച്ചത് ഡൽഹിയിലാണ്. അതിനു ശേഷവും എത്രയോ സിനിമകൾ… പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയും എം മുകുന്ദനും യാദൃശ്ചികമായി കണ്ടുമുട്ടിയത്.

Signature-ad

“എനിക്ക് ഡൽഹി എന്നാൽ എം മുകുന്ദന്റെ ദൽഹിയാണ്. അരവിന്ദൻ എന്ന കഥാപാത്രത്തിലൂടെ 60കളിലെ ഡൽഹിയുടെ ജനജീവിതം ഹൃദയ സ്പർശിയായി ഒപ്പിയെടുത്ത ആ നോവൽ ഒരു കാലത്ത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്…”

മമ്മൂട്ടി ‘ദൽഹി’യിലെ കഥാമുഹൂർത്തങ്ങളെ കുറിച്ചു പോലും വാചലനായത് വിസ്മയത്തോടെയാണ് മുകുന്ദൻ കേട്ടിരുന്നത്. സ്വന്തം ആത്മാംശം കലർന്ന ആ രചന മലയാളത്തിന്റെ താരചക്രവർത്തിയുടെ മനസ്സിനെ എത്ര ആഴത്തിൽ സ്പർശിച്ചു എന്നദ്ദേഹം അത്ഭുതം കൂറി.

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ‘ഹരിദ്വാരിൽ മണികൾ മുഴങ്ങുമ്പോൾ’ ‘ദൈവത്തിന്റെ വികൃതികൾ’ ‘പ്രവാസം’ ‘ആവിലായിലെ സൂര്യോദയം’ തുടങ്ങി എം മുകുന്ദന്റെ എല്ലാ രചനകളും താൻ വായിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. ഈ കൃതികളൊക്കെ ആരെങ്കിലും കോംപ്ലിമെന്ററിയായോ സൗജന്യമായോ സമ്മാനിച്ചതല്ലെന്നും പണം കൊടുത്ത് വാങ്ങി വായിച്ചതാണെന്നും അഭിമാനപുരസരം താരം പറഞ്ഞു.

കേരളം സമ്പൂർണ്ണ സാക്ഷരത നേടാൻ ഇടയായതിന്റെ പ്രധാന കാരണങ്ങൾ ഡിറ്റക്ടീവ് നോവലുകളും. ജനപ്രിയ സാഹിത്യവും ആണെന്ന് സംഭാഷണ മധ്യേ മമ്മൂട്ടി ചൂണ്ടിക്കാട്ടി:

”ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ‘മാ വാരികൾ’ സൃഷ്ടിച്ച സ്വാധീനം മലയാളിയുടെ സാക്ഷരത നിലവാരത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്…”

മഹാരാജാസ് കോളജിലെ പഠനകാലവും അദ്ദേഹം അനുസ്മരിച്ചു. മലയാളത്തിന്റെ ദീപസ്തംഭങ്ങളായ എം കെ സാനുവിന്റെയും എം ലീലാവതിയുടെയും ഒക്കെ ക്ലാസുകൾ സാഹിത്യത്തിന്റെ കുളിർമഴയായി മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. സാഹിത്യത്തോടും വായനയോടും താല്പര്യം അങ്കുരിച്ചത് അതിനു ശേഷമാണെന്ന് താരം പറഞ്ഞു.

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മുകുന്ദന്റെ ഭാര്യ ശ്രീജയും ഈ സാഹിത്യ ചർച്ചയുടെ ശ്രോതാക്കളായിരുന്നു. മമ്മൂട്ടിയും മുകുന്ദനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് ജോൺ ബ്രിട്ടാസ് എംപിയാണ്. പക്ഷേ അതിന്റെ പിന്നണിയിൽ നിന്ന് പ്രവർത്തിച്ചത് ഡൽഹിയിലുളള കാർട്ടൂണിസ്റ്റ് സുധീർനാഥും.

“ഞാൻ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി. ഈ മഹാനടൻ എന്റെ ഇത്രയേറെ രചനകൾ ആഴത്തിൽ വായിച്ചു എന്നത് അഭിമാനകരമാണ്… ”

മുകുന്ദൻ പിന്നീട് കാർട്ടൂണിസ്റ്റ് സുധീർനാഥനോട് പറഞ്ഞു.

ഡൽഹി നഗരത്തിന്റെ പശ്ചാത്തലത്തിൽ എം. മുകുന്ദൻ രചിച്ച നോവലാണ് ദൽഹി. അരവിന്ദൻ എന്ന ചിത്രകാരനായ യുവാവിലൂടെയാണ് ദൽഹി അനാവൃതമാകുന്നത്. 1960കളിലെ ഇന്ത്യൻ തലസ്ഥാനമായ ദൽഹിയുടെ യഥാർത്ഥചിത്രം മനസ്സിലാക്കാൻ ഈ നോവൽ സഹായകരമാണ്.

. ദീർഘനാൾ ഡൽഹിയിൽ എംബസി ഉദ്യോഗസ്ഥനായിരുന്ന എം.മുകുന്ദന്റെ അനുഭവങ്ങളും ദൽഹിയുടെ രചനയിൽ അദ്ദേഹത്തിന് ഊർജ്ജമേകിയിട്ടുണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: