നഫീസുമ്മയെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ; മത പണ്ഡിതന്‍ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയെന്ന് മകള്‍

കോഴിക്കോട്: മണാലി യാത്രാനുഭവം പങ്കുവച്ച് വൈറലായ നാദാപുരം സ്വദേശിനിയായ നഫീസുമ്മയെ വിമര്‍ശിച്ച മത പണ്ഡിതന്റെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം. സമസ്ത എ പി വിഭാഗം പണ്ഡിതനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗമാണ് വിവാദത്തിന്റെ അടിസ്ഥാനം.
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുകയാണ് വേണ്ടത്. എന്നാല്‍ ഏതോ നാട്ടില്‍ പോയി മഞ്ഞില്‍ കളിക്കുകയാണ്. ഇതാണ് ജീവിതം എന്ന് മറ്റുള്ളവരോട് പറയുന്നു. വിധവകള്‍ വീട്ടിലിരിക്കണമെന്ന ആശയം പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്ര പോകുന്നതും വീഡിയോ പങ്കുവയ്ക്കുന്നതും വലിയ തെറ്റന്ന രീതിയില്‍ പൊതുവേദിയില്‍ പ്രസംഗിച്ച പ്രഭാഷകന്റേത് പിന്തിരിപ്പന്‍ നിലപാടാണെന്നാണ് പ്രമുഖരുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വാദം.

ഭര്‍ത്താവ് മരിച്ചാല്‍ ബാക്കിയുള്ള ജീവിത കാലം മുഴുവന്‍ സ്ത്രീകള്‍ വീടിന്റെ മൂലയിലിരിക്കണം എന്ന പിന്തിരിപ്പന്‍ കാഴ്ചപാടില്‍ നിന്നാണ് മത പണ്ഡിതന്റെ വാക്കുകള്‍ എന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. എവിടെയെങ്കിലും മനുഷ്യര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ സന്തോഷങ്ങളില്‍ കണ്ണിടുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുന്ന ചിലരുടെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ അനേകായിരം അത്ഭുതങ്ങള്‍ മനുഷ്യര്‍ക്ക് കാണാന്‍ വേണ്ടിയാണെന്നും ചില പ്രതികരണങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
അതേസമയം, മതപണ്ഡിതന്റെ വിമര്‍ശനം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത മാനസിക പ്രയാസത്തിലാണ് നഫീസുസുമ്മ എന്നാണ് മകള്‍ ജിഫാന പറയുന്നത്. പ്രസംഗത്തിലൂടെ ഒരു കുടുംബത്തിന്റെ സമാധാനമാണ് മത പണ്ഡിതന്‍ ഇല്ലാതാക്കിയത് എന്നും ജിഫാന പറയുന്നു.
പ്രസംഗം കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലെന്നാണോ മത പണ്ഡിതര്‍ പറയുന്നത്. ‘കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് വിനോദയാത്ര പോയത്. ആദ്യമായി മഞ്ഞുകാണുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്ത ഉമ്മയുടെ വീഡിയോ പിന്നീട് പുറത്തുവരികയും വൈറലാവുകയും ചെയ്യുകയായിരുന്നു. എന്നാല്‍, മതപണ്ഡിതന്റെ വിമര്‍ശനം ചര്‍ച്ചയായതോടെ ഉമ്മ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി ബാധിച്ചു’ ജിഫാന പറയുന്നു.