
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാഹ്യശക്തികള്‍ സ്വാധീനം ചെലുത്തി മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനുപിന്നാലെ കോണ്‍?ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശം നടത്തുന്ന ഒന്നിലധികം ക്ലിപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമര്‍ശങ്ങള്‍ അസംബന്ധങ്ങള്‍ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നല്‍കിവന്ന 21 മില്യണ്‍ ഡോളറിന്റെ (160 കോടിരൂപ) ഫണ്ട് റദ്ദാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി അഥവാ ഡോജ് (DOGE) തീരുമാനിച്ചിരുന്നു. ഈ നീക്കത്തെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള ഒളിയമ്പായാണിത് വിലയിരുത്തപ്പെടുന്നത്.

‘മോദി സര്‍ക്കാരിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള വലിയ സ്വാധീനശക്തിയുള്ള വ്യക്തികള്‍ ഒരുമിച്ചിരിക്കുകയാണ്. പക്ഷേ ഇവിടെ സ്ത്രീ ശക്തിയുടേയും മാതൃ ശക്തിയുടേയും അനുഗ്രഹമുണ്ട്. അവയാണ് നിങ്ങളുടെ സുരക്ഷാ കവചങ്ങള്‍. അതുള്ളതുകൊണ്ടാണ് വെല്ലുവിളികള്‍ നേരിടുമ്പോഴും മോദി പ്രവര്‍ത്തനം തുടരുന്നത്.’ കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിനിടെ കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ മോദി പറഞ്ഞതിങ്ങനെയാണ്.
ഛത്തീസ്ഗഢിലെ സര്‍ഗുജയിലും മോദി ഇതേ കാര്യം ആവര്‍ത്തിച്ചു. കോണ്‍ഗ്രസുകാര്‍ക്കും ലോകമെമ്പാടും സ്വാധീനമുള്ള ഏതാനും ആളുകള്‍ക്കും പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിക്കുകയാണെങ്കില്‍ അത് ചില സ്വാധീനമുള്ളയാളുകളുടെ കളികളെ ഇല്ലാതാക്കും. ഇന്ന് ഇന്ത്യ സ്വാശ്രയമാവുകയാണെങ്കില്‍ സ്വാധീനശക്തിയുള്ള ചിലരുടെ ജോലിതന്നെ ഇല്ലാതാവും. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരിക്കുന്ന ദുര്‍ബല സര്‍ക്കാര്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. അഴിമതിയും ഉള്‍പ്പോരുമുള്ള സര്‍ക്കാരായിരിക്കും അവരുടേത്. അധികാരത്തിനായുള്ള അത്യാഗ്രഹംകൊണ്ട് രാജ്യത്തെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ ചരിത്രം സൂചിപ്പിക്കുന്നതെന്നും മോദി പറയുന്നു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് സകല ലോകവും ശ്രമിക്കുന്നതെന്നാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. അതൊരിക്കലും നടക്കാത്ത കാര്യമാണ്. അവര്‍ സ്വന്തം അഭിപ്രായമോ പ്രതികരണമോ അറിയിക്കുന്നില്ല, മറിച്ച് അതിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവര്‍ക്ക് അതിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും നരേന്ദ്ര മോദി പറയുന്നു. അമിത് മാളവ്യ ഷെയര്‍ചെയ്ത വീഡിയോകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
അതേസമയം, ഈ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് യുഎസ്എഐഡി നല്‍കുന്ന പിന്തുണ വിശദീകരിക്കുന്ന ഒരു ധവളപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. അടുത്തിടെയായി യുഎസ്എഐഡി വളരെയേറെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 1961 നവംബര്‍ 3 നാണ് ഇത് സ്ഥാപിതമായത്. യുഎസ് പ്രസിഡന്റ് നടത്തുന്ന അവകാശവാദങ്ങള്‍ സാധാരണയായി അസംബന്ധങ്ങള്‍ നിറഞ്ഞതാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ഇന്ത്യയ്ക്ക് എന്തിനാണ് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതെന്നാണ് മയാമിയില്‍ നടന്ന പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ് ചോദിച്ചത്. അവര്‍ക്ക് ആവശ്യത്തിന് പണമുണ്ട്. അമേരിക്കയുടെ കാഴ്ചപ്പാടില്‍ ലോകത്ത് ഏറ്റവമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.