
മുംബൈ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന എടിഎം തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനെ പൂനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പേരുടെ 17.9 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കര്‍ണാടക സ്വദേശിയായ രാജീവ് പ്രഹ്‌ളാദ് കുല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്. മുതിര്‍ന്ന പൗരന്മാരെ കബളിപ്പിച്ച് അവരുടെ എടിഎം കാര്‍ഡ് കൈമാറ്റം ചെയ്ത് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു ചെയ്തിരുന്നത്.
കര്‍ണാടക മൈസൂരു സ്വദേശിയായ ഇയാള്‍ തട്ടിയെടുത്ത പണം കാമുകിക്ക് കാറും സ്‌കൂട്ടറും വാങ്ങാനും അവരുടെ ഭര്‍ത്താവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കും ചെലവഴിച്ചതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, സുഹൃത്തിന്റെ ചികിത്സയ്ക്കും ഈ പണം ഉപയോഗിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി രണ്ടിന് നവി പേത്തിലെ ഗഞ്ചാവേ ചൗക്കിലുള്ള ഒരു എടിമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മുതിര്‍ന്ന പൗരനില്‍ നിന്ന് 22,000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് 166 എടിഎം കാര്‍ഡുകള്‍ കണ്ടെടുത്തു. കാമുകിയ്ക്ക് സമ്മാനമായി വാങ്ങി നല്‍കിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2022 ലാണ് രാജീവ് പ്രഹ്‌ളാദ് തട്ടിപ്പ് ആരംഭിച്ചത്. പൂനെയിലെ വിവിധ എടിഎമ്മുകളിലെത്തുന്ന മുതിര്‍ന്ന പൗരന്മാരെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തുകൊണ്ടിരുന്നത്. എടിഎം കൗണ്ടറുകള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുകയും പിന്നീട് അകത്തുള്ള മുതിര്‍ന്ന പൗരന്മാരെ പണം പിന്‍വലിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തുകയുമായിരുന്നു പതിവ്. സഹായിക്കാനെന്ന വ്യാജേന ഇയാള്‍ അവരുടെ പിന്‍ നമ്പര്‍ ആവശ്യപ്പെടും. ഇതിന് ശേഷം ബ്ലോക്ക് ചെയ്ത മറ്റൊരു കാര്‍ഡ് അവര്‍ക്ക് കൈമാറുകയും യഥാര്‍ത്ഥ കാര്‍ഡ് കൈവശപ്പെടുത്തിയശേഷം അത് ഉപയോഗിച്ച് പിന്നീട് പണം പിന്‍വലിക്കുകയുമായിരുന്നു പതിവ്.