IndiaNEWS

പരസ്പര സമ്മതമുണ്ടെങ്കില്‍ കൗമാരക്കാര്‍ക്കും ലൈംഗിക ബന്ധമാകാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം ബന്ധങ്ങളെ പോക്സോ നിയമപ്രകാരം കുറ്റകരമാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ കേസില്‍ അകപ്പെടുമോ എന്ന ഭയമില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിയുടെ മൗലികമായ മാനുഷികാനുഭവമാണ് പ്രണയം. കൗമാരക്കാര്‍ക്ക് വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തക്ക രീതിയില്‍ നിയമം മാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു.

Signature-ad

പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കികൊണ്ട് പ്രണയിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തെ നിയമസംവിധാനവും സമൂഹവും തയ്യാറാകണമെന്നും കോടതി പറഞ്ഞു. കൗമാരപ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണകോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. യുവാവുമായി പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കോടതിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരുടേതുമെന്ന് കോടതി കണ്ടെത്തി.

യുവാവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി പോലീസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസിന് താഴെയായിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുമായി ഉഭയസമ്മതപ്രകാരമാണ് യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് യുവാവിനെ കോടതി കുറ്റവിമുക്തനാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: