CrimeNEWS

ഹണിട്രാപ്പില്‍ കുടുങ്ങി പാക്കിസ്ഥാനായി ചാരപ്പണി; മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: പാക്കിസ്ഥാന്‍ ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. കൊച്ചി സ്വദേശി പി.എ.അഭിലാഷ്, ഉത്തര കന്നഡ സ്വദേശികളായ വേതന്‍ ലക്ഷ്മണ്‍ ടണ്ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്.

രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ പണത്തിനായി പങ്കുവച്ചതായും എന്‍ഐഎ പറഞ്ഞു.

Signature-ad

2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍ സജീവമായിരുന്നു. ഒളിവില്‍ പോയ മറ്റൊരു പിഐഒ ആല്‍വെന്‍, മന്‍മോഹന്‍ സുരേന്ദ്ര പാണ്ഡ, അമാന്‍ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

2024 ഓഗസ്റ്റില്‍ നാവിക താവളത്തിലെ വിവര ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള എന്‍ഐഎ സംഘങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു. അപ്പോഴാണ് കേസുമായുള്ള കാര്‍വാര്‍ ബന്ധം പുറത്തുവന്നത്. ഫെയ്‌സ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥയായി ചമഞ്ഞെത്തിയ പാക്കിസ്ഥാന്‍ ഏജന്റ് പ്രതികളെ ഹണിട്രാപ്പില്‍ കുടുക്കിയതായി കണ്ടെത്തി. 2023ല്‍ ആ സ്ത്രീ അവരുമായി സൗഹൃദം സ്ഥാപിച്ചു വിശ്വാസം നേടി. കാര്‍വാര്‍ നാവിക താവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറി. പകരമായി 8 മാസത്തേക്ക് പ്രതിമാസം 5,000 രൂപ നല്‍കിയതായും കണ്ടെത്തി.

2023ല്‍ വിശാഖപട്ടണത്ത് എന്‍ഐഎ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും വ്യക്തമായി. ദീപക്കിനും കൂട്ടാളികള്‍ക്കും ഫണ്ട് കൈമാറാന്‍ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ടാണു വേതന്‍ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നല്‍കാനും ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്റ്റിലായതോടെ കാര്‍വാര്‍ ആസ്ഥാനമായുള്ള പ്രതികള്‍ക്കുള്ള പണം വരവ് നിലച്ചു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഓഗസ്റ്റ് 27ന് എന്‍ഐഎ സംഘങ്ങള്‍ കാര്‍വാറില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: