
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞു. ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടി ജനം. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും ആരും തിരിഞ്ഞു നോക്കിയില്ല. പരുക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാനാണ് ആളുകള്‍ ശ്രമിച്ചത്.ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
