
തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിയില്‍ രാജ്യത്തിന് വഴികാട്ടിയായി കേരളം. സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാര്‍ പദ്ധതി ജനത്തെ സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിലേക്ക് ആകര്‍ഷിച്ചു. ഈ മാതൃകയാണ് ദേശീയതലത്തില്‍ പ്രധാനമന്ത്രി സൂര്യഘര്‍ യോജന എന്ന പേരില്‍ ഒരുകോടി വീടുകളില്‍ പുരപ്പുറ സോളാര്‍ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ്.
പുരപ്പുറ സോളാര്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്‍കിയതും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനം വാടകയായി വാങ്ങി കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതും കേരളത്തില്‍ പദ്ധതിയെ ആകര്‍ഷകമാക്കി. വീട്ടുപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് പണം വാങ്ങി ഗ്രിഡിലേക്ക് നല്‍കാനും പണം വേണ്ടെങ്കില്‍ രാത്രിസമയത്ത് പകരം വൈദ്യുതി വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ ആശയങ്ങളാണ് സൂര്യഘര്‍ യോജനയിലും നടപ്പാക്കുന്നത്. ദേശീയതലത്തില്‍ നേരത്തെ സബ്‌സിഡിയും ബാങ്ക് വായ്പയും മാത്രമാണ് ആനുകൂല്യമായി നല്‍കിയിരുന്നത്.

ദേശീയ തലത്തില്‍ ഒന്നാമത്
രണ്ടുവര്‍ഷത്തിനിടെ പുരപ്പുറ സോളാറില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97 ശതമാനം വളര്‍ച്ച. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (75.26 ശതമാനം). മൂന്നാം സ്ഥാനത്ത് ഗുജറാത്ത് (60 ശതമാനം). കേരളത്തില്‍ 2022ല്‍ 51,300 വീടുകളിലാണ് പുരപ്പുറ സോളാര്‍ ഉണ്ടായിരുന്നത്. 2024ല്‍ ഇത് 1.52 ലക്ഷമായി വര്‍ദ്ധിച്ചു. സംസ്ഥാനത്തെ പകല്‍ വൈദ്യുതി ഉപഭോഗത്തിന്റെ 22ശതമാനവും പുരപ്പുറ സോളാറില്‍ നിന്നാണ് കണ്ടെത്തുന്നത്. നിലവില്‍ 2.52ലക്ഷം അപേക്ഷകളാണ് സൂര്യഘര്‍ പദ്ധതിക്ക് സംസ്ഥാനത്തുള്ളത്.
രാജ്യത്തെ സോളാര്‍ ഉത്പാദനം- 92,120 മെഗാവാട്ട്
പുരപ്പുറ സോളാര്‍ ഉത്പാദനം- 12,400മെഗാവാട്ട്
രാജ്യത്ത് പുരപ്പുറ സോളാര്‍ നടപ്പാക്കിയ വീടുകള്‍- 6.16 ലക്ഷം