CrimeNEWS

വ്യാജ റെയ്ഡ്; മുഖ്യ സൂത്രധാരനായ എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത

തൃശൂര്‍: ഇ.ഡി. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ റെയ്ഡ് നടത്തി കോടികള്‍ കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരന്‍ ഗ്രേഡ് എ.എസ്.ഐ. ഷഹീര്‍ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത. കര്‍ണാടക-കേരള പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തും. എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാനും തീരുമാനിച്ചു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ ഡ്രൈവര്‍ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീര്‍ബാബു 2024 മാര്‍ച്ച് ഒന്നിന് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ എത്തിയത്. വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഇയാള്‍ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരില്‍നിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നെന്നും പറയപ്പെടുന്നു.

Signature-ad

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഷഹീര്‍ബാബു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ തിരക്കഥയൊരുങ്ങിയത്. ജനുവരി മൂന്നിനാണ് കര്‍ണാടകയില്‍ കേസിനാസ്പദമായ സംഭവം. തട്ടിപ്പിനായി സംഘം ഉപയോഗിച്ച കാറില്‍നിന്നാണ് കര്‍ണാടക പോലീസ് കൊല്ലം ബന്ധം തിരഞ്ഞത്. ജനുവരി 18-ന് കര്‍ണാടകയില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷണത്തിനായി കൊല്ലത്ത് എത്തിയിരുന്നു.

കൊല്ലം, കൊട്ടിയം, കണ്ണനല്ലൂര്‍, കിളികൊല്ലൂര്‍, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ണാടക പോലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പോലീസ് എത്തിയതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയി. ഈ മാസം മൂന്നിന് കൊല്ലം സ്വദേശികളായ മൂന്നുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേരളത്തില്‍വെച്ച് അറസ്റ്റ് ചെയ്യരുതെന്നുകാട്ടി മൂന്ന് പ്രതികള്‍ കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ബുധനാഴ്ച തീരും. പ്രതികളില്‍ ഒരാള്‍ ഒളിവിലുമാണ്.

ഗള്‍ഫുകാരടക്കമുള്ള പാട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഷഹീര്‍ബാബു ഇവരില്‍ പലരോടും പണം കടം വാങ്ങിയതായി പറയുന്നു. അടുത്തിടെ ഒരാളില്‍നിന്ന് ഒരുലക്ഷം രൂപ കടം വാങ്ങി. നാളുകള്‍ക്കുശേഷം പകുതി തുക തിരിച്ചുനല്‍കി. ബാക്കി പണം പരാതി ഉയരുമെന്ന ഘട്ടമായപ്പോള്‍ മറ്റൊരാളില്‍നിന്ന് വാങ്ങി നല്‍കി. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒയുടെ റിപ്പോര്‍ട്ടില്‍ നടപടി വരാനിരിക്കെയാണ് ഇയാള്‍ കൂടുതല്‍ ഗുരുതരമായ കേസില്‍പ്പെട്ട് അകത്താകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: