
മുംബൈ: കോണ്‍ഗ്രസ് ഏറ്റവും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രാദേശിക നേതാക്കള്‍ക്കു പോലും അറിയാത്ത ഹര്‍ഷവര്‍ധന്‍ സപ്കലിനെ സംസ്ഥാന അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനും ഭരണപക്ഷത്തെ വെല്ലുവിളിച്ചു ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാനും ശേഷിയുള്ള കരുത്തരായ നേതാക്കളെ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് അധികം അറിയപ്പെടാത്ത സപ്കലിനെ നിയോഗിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.
മുതിര്‍ന്ന നേതാക്കളുമായുള്ള മെച്ചപ്പെട്ട ഏകോപനത്തിനും സംഘടനയെ കെട്ടിപ്പടുക്കാനും ഫണ്ട് സ്വരൂപിക്കാനും ശേഷിയുള്ള കരുത്തുറ്റ നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിച്ച വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കും പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് അധികം അറിവില്ല. നാഗ്പുരിനടുത്ത് ബുല്‍ഡാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ഹര്‍ഷവര്‍ധന്‍ സപ്കലിന് മുംബൈയില്‍ കാര്യമായ പ്രവര്‍ത്തന പരിചയവുമില്ല. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ എന്ന പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷനും എഐസിസി സെക്രട്ടറിയുമാണു സപ്കല്‍.

ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരടക്കം തലയെടുപ്പുള്ള സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തനല്ല പുതിയ സംസ്ഥാന അധ്യക്ഷനെന്നും വിമര്‍ശനമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവച്ച നാനാ പഠോളെയ്ക്കു പകരമാണു സപ്കലിനെ നിയോഗിച്ചത്. നിയമനവാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചിരുന്ന നേതാക്കളെല്ലാം വിമുഖ കാട്ടിയതാകാം ഇത്തരമൊരു തീരുമാനത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.