
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായി തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ശക്തമായ പ്രകമ്പനം ഉണ്ടായി. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിവാസികളോട് നിര്‍ദേശിച്ചു. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് ന്യൂഡല്‍ഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്. അഞ്ച് മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍, കൂടുതല്‍ ആഴത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയെക്കാള്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകും.

രാജ്യത്തെ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്ന സോണ്‍ നാലിലാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്തായി നാല് ഭൂചലനങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. 2022ല്‍ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഉണ്ടായിരുന്നു. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നും അന്ന് ഉണ്ടായില്ല.
ഹിമാലയം, അഫ്ഗാനിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ ഉണ്ടാകാറുള്ള ഭൂകമ്പങ്ങള്‍ ഡല്‍ഹിയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഭൗമോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഉത്ഭവിക്കുന്ന ഭൂചലനങ്ങള്‍ക്ക് പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ദൂരം കൂടുന്നതിനനുസരിച്ച് ആഘാതം കുറയും. നിലവിലെ സാഹചര്യത്തില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അതീവ ജാഗ്രതയിലാണ് ഡല്‍ഹി.