MovieNEWS

‘ആ നടന്‍ അര്‍ധരാത്രി സെറ്റില്‍ വെച്ച് അലറിയപ്പോള്‍ നിര്‍മാതാവ് നോക്കിനിന്നു,പിന്നീടങ്ങോട്ട് പോയില്ല’

സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് നേരിടേണ്ടതായി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ ഈയിടെയായി പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ സമാനമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഷീബ ആകാശ്ദീപ്. 1995 ല്‍ പുറത്തിറങ്ങിയ സുരക്ഷ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ ആദിത്യ പഞ്ചോളി തനിക്കുനേരെ അലറിയെന്നും തുടര്‍ന്ന് സിനിമ പാതിയില്‍ വെച്ച് ഒഴിവാക്കിയെന്നും നടി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘ഞാന്‍ ക്ഷീണിതയായിരുന്നു. രണ്ട് ഷിഫ്റ്റുകള്‍ക്ക് ശേഷമാണ് ഞാന്‍ സെറ്റില്‍ വരുന്നത്. അതും അര്‍ധരാത്രിയില്‍. കാറില്‍ ഉറങ്ങുകയായിരുന്ന ഞാന്‍ ഷോട്ടെടുക്കാനായി പുറത്തിറങ്ങി. സംവിധായകന്‍ ഷോട്ടിനെ കുറിച്ച് പറയാന്‍ തുടങ്ങുകയായിരുന്നു. ആ സമയം തിരിഞ്ഞുനിന്ന് നടന്‍ എന്തൊക്കെയോ പറഞ്ഞു. ഉറക്കത്തിലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞതോടെ അദ്ദേഹം രോഷാകുലനായി. എന്നെ അധിക്ഷേപിക്കുകയും അര്‍ധരാത്രി റോഡില്‍ വെച്ച് അലറുകയും ചെയ്തു.’- ഷീബ പറഞ്ഞു.

Signature-ad

താന്‍ പേടിച്ചുപോയെന്നും കരഞ്ഞുകൊണ്ട് നിര്‍മാതാവിനെ നോക്കിയ സമയത്ത് അദ്ദേഹം തന്റെ മുഖത്തുപോലും നോക്കാതെ നില്‍ക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. ‘സെറ്റില്‍ വെച്ച് സിനിമയിലെ നായകനും നായികയും തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് പോലും അദ്ദേഹത്തിന് മനസിലാകുന്നില്ല. ഞാന്‍ വാതിലടച്ച് കാറിലിരുന്നു. പിന്നാലെ സെറ്റില്‍ നിന്ന് പോയി. ഒരു സിനിമയുടെ സെറ്റില്‍ നിന്ന് അന്നാദ്യമയാണ് ഞാന്‍ അങ്ങനെ പോകുന്നതെന്നും’ നടി പറഞ്ഞു.

അയാള്‍ തന്നെ ആക്ഷേപിച്ചപ്പോള്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെന്നും ഇനിമുതല്‍ സെറ്റില്‍ വരുന്നില്ലെന്ന് അറിയിച്ചതായും നടി പറഞ്ഞു. പിന്നീട് സിനിമ പൂര്‍ത്തിയാക്കാനായി പോയിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. 1995 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുനില്‍ ഷെട്ടി, സെയിഫ് അലി ഖാന്‍, ദിവ്യ ദത്ത എന്നിവര്‍ വേഷമിട്ടിരുന്നു.

1991-ല്‍ യേ ആഗ് കബ് ബുജേഗി എന്ന ചിത്രത്തിലൂടെയാണ് ഷീബ ബോളിവുഡില്‍ അരങ്ങേറുന്നത്. 1992-ല്‍ സൂര്യവന്‍ഷിയില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതോടെയാണ് ഷീബ ബോളിവുഡില്‍ പ്രശസ്തയായത്. 1993-ല്‍ ഹം ഹേ കമാല്‍ കെയിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: